വധശ്രമക്കേസ്: ‘മീശ വിനീത്’ റിമാന്‍ഡില്‍

തിരുവനന്തപുരം: വധശ്രമക്കേസില്‍ അറസ്റ്റിലായ ഇന്‍സ്റ്റഗ്രാം റീല്‍സ് താരം ‘മീശ വിനീത്’ എന്നറിയപ്പെടുന്ന കിളിമാനൂര്‍ വെള്ളല്ലൂര്‍ സ്വദേശി വിനീതിനെ റിമാന്‍ഡ് ചെയ്തു. മടവൂര്‍ സ്വദേശി സമീര്‍ ഖാനെ ആക്രമിച്ച് തല അടിച്ചുപൊട്ടിച്ച കേസിലാണ് വിനീതിനെ റിമാന്‍ഡ് ചെയ്തത്.

കേസില്‍ കഴിഞ്ഞ ദിവസമാണ് ഇയാളെ പള്ളിക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന അഞ്ച് പേര്‍ ഒളിവിലാണ്. ഒക്ടോബര്‍ 16ന് പോങ്ങനാട് കുറിച്ചിയില്‍ ഇടറോഡില്‍ വച്ചാണ് സംഭവം. സമീര്‍ ഖാനെ കമ്പി വടികൊണ്ട് തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നാണ് കേസ്.

സമീര്‍ ഖാന്റെ സുഹൃത്തായ ജിത്തു, വിനീതിനൊപ്പമുള്ള സംഘത്തിലെ റഫീഖിനെ അസഭ്യം പറഞ്ഞിരുന്നു. ഇതിനു പിന്നാലെ റഫീഖും വിനീതും ഉള്‍പ്പെടെയുള്ള ആറംഗ സംഘം ജിത്തുവിനെ തേടിയെത്തി. പിന്നാലെ ജിത്തു മുങ്ങി. തുടര്‍ന്ന് ജിത്തുവിന്റെ സുഹൃത്തായ സമീര്‍ ഖാനോട് വിനീതും സംഘവും തട്ടിക്കയറി. വഴക്കിനിടെ കമ്പിവടി കൊണ്ട് സമീര്‍ ഖാന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സമീര്‍ ഖാന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒളിവിലായിരുന്ന വിനീതിനെ ഇന്നലെ രാത്രിയാണ് പോലീസ് പിടികൂടിയത്.

Exit mobile version