ചാര്‍ജ്ജിനിട്ട ഫോണ്‍ പൊട്ടിത്തെറിച്ച് വന്‍ അപകടം: വീട്ടിനുള്ളില്‍ രണ്ട് ലക്ഷം രൂപയുടെ നഷ്ടം; പൊട്ടിത്തെറിച്ചത് അടുത്തിടെ വാങ്ങിയ സാംസങ് ഫോണ്‍

പാലക്കാട്: പാലക്കാട് വീടിനുള്ളില്‍ ചാര്‍ജ്ജിനിട്ട ഫോണ്‍ പൊട്ടിത്തെറിച്ച് ലക്ഷങ്ങളുടെ നഷ്ടം. വീടിനകത്തെ ഫര്‍ണിച്ചറുകളും ഇലക്ട്രോണിക് സാമഗ്രികളും ഫോണ്‍ പൊട്ടിത്തെറിച്ചതിന് പിന്നാലെ തീപിടിച്ച് കത്തി നശിച്ചു.

പൊല്‍പ്പുള്ളി സ്വദേശി ഷിജുവിന്റെ സ്മാര്‍ട്ട്‌ഫോണാണ് പൊട്ടിത്തെറിച്ചത്. ഷിജു ഉപയോഗിച്ചിരുന്ന സാംസങ് ഗ്യാലക്‌സി എ03 കോര്‍ ഫോണാണ് പൊട്ടിത്തെറിച്ചതെന്ന് ഷിജു പറഞ്ഞു. എന്നാല്‍ അപകട കാരണം വ്യക്തമായിട്ടില്ല.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഷിജുവിന്റെ വീട്ടില്‍ വച്ച് അപകടം ഉണ്ടായത്. തന്റെ സുഹൃത്ത് മോഹനനാണ് ഫോണ്‍ വാങ്ങിയതെന്നാണ് ഷിജു പറഞ്ഞത്. ഒരു മൈക്രോ ഫിനാന്‍സ് സ്ഥാപനത്തില്‍ നിന്നാണ് ഫോണ്‍ വാങ്ങിയതെന്നും ഷിജു പറഞ്ഞു. വാങ്ങിയ ശേഷം രണ്ടാം തവണ ചാര്‍ജ്ജ് ചെയ്യാനിട്ടപ്പോഴാണ് അപകടം നടന്നതെന്നും അദ്ദേഹം പറഞ്ഞു.

ചാര്‍ജ് ചെയ്യാനിട്ട ശേഷം ഫോണ്‍ പൊട്ടിത്തെറിച്ച് കിടക്കയിലേക്കാണ് വീണത്. കിടക്കയ്ക്ക് തീപിടിച്ചു. പിന്നാലെ തീ ആളിപ്പടര്‍ന്നു. വീട്ടിലുണ്ടായിരുന്ന കിടക്കയും ടിവിയും ഹോം തിയേറ്റര്‍ സിസ്റ്റവും അലമാരയും അടക്കം കത്തിനശിച്ചു. രണ്ട് ലക്ഷം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്. അപകടവുമായി ബന്ധപ്പെട്ട് ചിറ്റൂര്‍ പോലീസില്‍ പരാതി നല്‍കിയതായി ഷിജു അറിയിച്ചു.

Exit mobile version