നായ വളര്‍ത്തലിന്റെ മറവിലെ കഞ്ചാവ് കച്ചവടം; പ്രതി റോബിന്‍ പിടിയില്‍, പിടിയിലായത് തമിഴ്‌നാട്ടില്‍ നിന്ന്

തമിഴ്‌നാട്ടില്‍ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

കോട്ടയം: കുമാരനെല്ലൂരില്‍ നായ പരിശീലന കേന്ദ്രത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയ പ്രതി പിടിയില്‍. റോബിന്‍ ജോര്‍ജ് എന്നയാളാണ് പിടിയിലായത്. തമിഴ്‌നാട്ടില്‍ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

കുമാരനെല്ലൂര്‍ വലിയാലിന്‍ചുവടിനു സമീപം ഡെല്‍റ്റ കെ നയന്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന നായ പരിശീലന കേന്ദ്രത്തിന്റെ മറവിലാണ് കഞ്ചാവ് കച്ചവടം നടന്നിരുന്നത്. ഇവിടെ നിന്നും 18 കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. അമേരിക്കന്‍ ബുള്ളി ഇനത്തില്‍പ്പെട്ടതടക്കം ആക്രമണ സ്വഭാവുമുള്ള പതിമൂന്ന് നായകള്‍ പ്രതിയുടെ വീട്ടിലുണ്ടായിരുന്നു.

പ്രതിയെ തേടി ചെന്ന പോലീസുദ്യോഗസ്ഥര്‍ പ്രത്യേക പരിശീലനം ലഭിച്ച വിദേശ ഇനം നായകളുടെ ആക്രമണത്തില്‍ നിന്ന് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. നായകളെ മാറ്റിയ ശേഷം നടത്തിയ പരിശോധനയിലാണ് ബാഗില്‍ സൂക്ഷിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്.

Exit mobile version