റെയില്‍പാളത്തില്‍ കല്ല് വെച്ചാല്‍ കുട്ടികള്‍ ശിക്ഷ നേരിടേണ്ടിവരും; മുന്നറിയിപ്പുമായി കാസര്‍കോട് പോലീസ്

കുട്ടികളായതിനാല്‍ കേസെടുക്കാതെ വെറുതെ വിട്ടെങ്കിലും ഇനി ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.

കാസര്‍കോട്: റെയില്‍പാളത്തില്‍ കല്ലുവെക്കുന്ന കുട്ടികള്‍ക്ക് മുന്നറിയിപ്പുമായി കാസര്‍കോട് പോലീസ്. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ഇത്തരത്തിലുള്ള നാല് സംഭവങ്ങളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കുട്ടികളായതിനാല്‍ കേസെടുക്കാതെ വെറുതെ വിട്ടെങ്കിലും ഇനി ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.

രക്ഷിതാക്കള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കുട്ടികള്‍ ശിക്ഷ അനുഭവിക്കേണ്ടി വരും. കുറ്റം ചെയ്തുവെന്ന് കണ്ടെത്തിയാല്‍ പിഴയൊടുക്കുന്നതോ ജുവനൈല്‍ പോലുള്ള ശിക്ഷയോ നല്‍കാനാണ് പോലീസ് തീരുമാനം.

കഴിഞ്ഞ ചൊവ്വാഴ്ച പടന്നക്കാട് റെയില്‍ പാളത്തില്‍ ചെറിയ ജെല്ലി കല്ല് വെച്ച സംഭവമാണ് ഏറ്റവും ഒടുവിലത്തേത്. പോലീസെത്തി അന്വേഷണം നടത്തിയപ്പോള്‍ പിടികൂടിയത് ഏഴ് വയസ് മാത്രം പ്രായമുള്ള രണ്ട് കുട്ടികളെ. കല്ലിന് മുകളിലൂടെ ട്രെയിന്‍ കയറുമ്പോഴുള്ള ശബ്ദവും പുകയും കാണാനാണ് കല്ലുവച്ചതെന്നാണ് കുട്ടികള്‍ നല്‍കിയ മൊഴി.

ചെറിയ കുട്ടികളായതിനാല്‍ പോലീസ് കേസെടുത്തില്ല. ഒരാഴ്ച മുമ്പ് ഇഖ്ബാല്‍ ഗേറ്റില്‍ റെയില്‍പാളത്തില്‍ ചെറിയ കല്ലുകള്‍ വച്ചതും പന്ത്രണ്ട് വയസുള്ള കുട്ടികള്‍. നെല്ലിക്കുന്ന് പള്ളത്തും കളനാടും സമാന സംഭവങ്ങളുണ്ടായി.

ALSO READ അവള്‍ക്കൊപ്പം ഞാനും മരിച്ചു: അസൂയയും വേദനകളുമില്ലാത്ത ലോകത്താണ് മീര ഇപ്പോള്‍; മകളെ കുറിച്ച് വിജയ് ആന്റണി

ഇനി ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിച്ചാല്‍ കുട്ടികളാണെന്ന പരിഗണന നല്‍കില്ലെന്നാണ് പോലീസ് മുന്നറിയിപ്പ് നല്‍കി. നിലവില്‍ ഇത്തരം കേസുകളില്‍ ബോധവല്‍ക്കരണമാണ് നടക്കുന്നത്. എന്നാല്‍ സംഭവങ്ങള്‍ ആവര്‍ത്തിച്ചതോടെയാണ് കര്‍ശന നടപടിക്ക് പോലീസ് ഒരുങ്ങുന്നത്.

Exit mobile version