38 കോടിയുടെ കുടിശ്ശിക: 60 വര്‍ഷത്തെ പാരമ്പര്യമുള്ള പാര്‍ത്ഥാസ് ജപ്തി ചെയ്തു

കൊച്ചി: കൊച്ചിയിലെ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ പാര്‍ത്ഥാസ് കെട്ടിടം ജപ്തി ചെയ്തു. 37.69 കോടി രൂപയുടെ കുടിശ്ശിക തിരിച്ചടയ്ക്കാത്തതിനാലാണ് നടപടി. 28,000 സ്‌ക്വയര്‍ഫീറ്റില്‍ മൂന്നു നിലകളിലായി എറണാകുളം സൗത്തിലാണ് പാര്‍ത്ഥാസ് സ്ഥിതി ചെയ്യുന്നത്. ജില്ലയിലെ ഏറ്റവും വലിയ വസ്ത്രവ്യാപാര സ്ഥാപനങ്ങളിലൊന്നായിരുന്നു.

സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നും എടുത്ത വായ്പാ കുടിശ്ശികയാണ് ജപ്തിയിലേക്ക് നയിച്ചത്. അസറ്റ് റീ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് ഇപ്പോള്‍ പാര്‍ത്ഥാസിനെ ജപ്തിയിലൂടെ ഏറ്റെടുത്തത്.

60 വര്‍ഷമായി കൊച്ചിയിലെ എംജി റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് പാര്‍ത്ഥാസ്. ജപ്തി നോട്ടീസ് നേരത്തെ നല്‍കിയിരുന്നെങ്കിലും വായ്പാ കുടിശ്ശിക നല്‍കാന്‍ കഴിയാതിരുന്നതിനാലാണ് നടപടി.

ബാങ്കില്‍ നിന്നെടുത്ത വായ്പയുടെ കുടിശ്ശികയായ 37.69 കോടി രൂപയാണ് തിരിച്ചടക്കാന്‍ ഉണ്ടായിരുന്നത്. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പാര്‍ത്ഥാസ് മൂന്ന് നില കെട്ടിടമായാണ് എറണാകുളത്ത് പ്രവര്‍ത്തിപ്പിച്ചിരുന്നത്. 19.6 സെന്റ് സ്ഥലത്ത് 27,753 ചതുരശ്ര അടി വിസ്തീര്‍ണത്തിലായിരുന്നു ഷോറൂം. തിരുവനന്തപുരത്തും കോട്ടയത്തും പാര്‍ത്ഥാസിന് ശാഖകളുണ്ട്.

കോട്ടയത്ത് എത്തിയ റെഡ്ഡിയാര്‍ കുടുംബത്തിന്റേതാണ് പാര്‍ത്ഥാസ്.പരേതനായ ലക്ഷ്മണ റെഡ്ഡിയാരും പരേതനായ ശ്രീനിവാസ റെഡ്ഡിയാരും ചേര്‍ന്നാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ സ്ഥാപനത്തിന് അടിത്തറയിട്ടത്. അന്നുമുതല്‍ വ്യത്യസ്തമായി ശൈലിയിലും പാരമ്പര്യത്തിലും പാര്‍ത്ഥാസ് വേറിട്ടു നിന്നിരുന്നിരുന്നു. പാര്‍ത്ഥാസിന്റെ വസ്ത്രങ്ങള്‍ക്ക് ഏറെ ആരാധകരുണ്ട്. സ്ത്രീകളുടെയും പുരുഷന്മാരുടെയും വസ്ത്രങ്ങള്‍, കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍ ഫാഷന്‍ വസ്ത്രങ്ങള്‍ എന്നിവയെല്ലാം പാര്‍ത്ഥാസിന്റെ കലക്ഷനിലുണ്ട്.

Exit mobile version