സ്‌കൂട്ടര്‍ ഓടിക്കവെ നടുറോഡില്‍ കടുവ, പേടിച്ച് വിറച്ച് യുവാവ്, വണ്ടിയുടെ നിയന്ത്രണം നഷ്ടമായി, പരിക്ക്

അപകടത്തില്‍ തിരുനെല്ലി ടെമ്പിള്‍ എംബ്ലോയ്‌സ് സൊസൈറ്റി ജീവനക്കാരന്‍ രഘുനാഥിന് പരിക്കേറ്റു.

കല്‍പ്പറ്റ: സ്‌കൂട്ടര്‍ ഓടിക്കവെ നടുറോഡില്‍ കടുവയെ കണ്ട് നിയന്ത്രണം നഷ്ടമായി സ്‌കൂട്ടര്‍ മറിഞ്ഞ് അപകടം. അപകടത്തില്‍ തിരുനെല്ലി ടെമ്പിള്‍ എംബ്ലോയ്‌സ് സൊസൈറ്റി ജീവനക്കാരന്‍ രഘുനാഥിന് പരിക്കേറ്റു. ജോലിക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

തിരുനെല്ലി കാളങ്കോട് വെച്ച് റോഡ് മുറിച്ചുകടക്കുന്ന കടുവയ്ക്ക് മുന്നില്‍ പെടുകയായിരുന്നു രഘുനാഥ്. ഇതോടെ, സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടമായി. വാഹനം നിര്‍ത്തുന്നതിനിടയില്‍ മറിഞ്ഞ് വീണ് പരിക്കേല്‍ക്കുകയും ചെയ്തു.

അതേസമയം, കടുവയെ കണ്ടെത്തിയെന്ന വിവരത്തെ തുടര്‍ന്ന് തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റെയ്ഞ്ചര്‍ കെ.പി അബ്ദുള്‍ ഗഫുറിന്റെ നേതൃത്വത്തിലുള്ള വനപാലകസംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

കഴിഞ്ഞ ഒരു വര്‍ഷമായി പ്രദേശത്തുളള 20 ഓളം ആടുകളെയും രണ്ടു പശുവിനെയും കടുവ കൊന്നതായി നാട്ടുകാര്‍ പറഞ്ഞു. നിലവില്‍ പനവല്ലി മേഖലയില്‍ കടുവ ജനവാസ മേഖലയില്‍ ഇറങ്ങുന്നുവെന്ന പരാതിയുണ്ട്. അവിടെ കടുവയ്ക്കായി രണ്ട് കൂടും സ്ഥാപിച്ചിട്ടുണ്ട്.

Exit mobile version