‘നൂറ് ശതമാനം ഫേക്ക് പരാതി, തെളിവുകള്‍ കൊണ്ട് നേരിടും’: പീഡന പരാതിയില്‍ മല്ലുട്രാവലര്‍

കൊച്ചി: സൗദി യുവതിയുടെ പീഡന പരാതിയില്‍ പ്രതികരിച്ച് പ്രമുഖ വ്ളോഗര്‍ മല്ലുട്രാവലര്‍ ഷക്കീര്‍ സുബാന്‍. യുവതിയുടേത് വ്യാജ പരാതിയാണെന്ന് ഷക്കീര്‍ സുബാന്‍ പറഞ്ഞു. വാര്‍ത്ത നൂറുശതമാനവും വ്യാജമാണെന്നും മതിയായ തെളിവുകള്‍ കൊണ്ട് അതിനെ നേരിടുമെന്നും ഷക്കീര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. തന്നോട് ദേഷ്യം ഉള്ളവര്‍ക്ക് ആഘോഷമാക്കാനുള്ള അവസരമാണിത്. തന്റെ ഭാഗം കൂടി കേള്‍ക്കണമെന്നും എന്നിട്ട് അഭിപ്രായം പറയണമെന്നും ഷക്കീര്‍ പറയുന്നു.

”എന്റെ പേരില്‍ ഒരു ഫേക്ക് പരാതി വാര്‍ത്ത കണ്ടു. 100% ഫേക്ക് ആണ്. മതിയായ തെളിവുകള്‍ കൊണ്ട് അതിനെ നേരിടും. എന്നോട് ദേഷ്യം ഉള്ളവര്‍ക്ക് ഒരു ആഘോഷമാക്കാനുള്ള അവസരം ആണ് ഇത് എന്ന് അറിയാം. എന്റെ ഭാഗം കൂടി കേട്ടിട്ട്, അഭിപ്രായം പറയണം എന്ന് അപേക്ഷിക്കുന്നു.”-ഷക്കീര്‍ പറഞ്ഞു.

പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന സൗദി പൗരയായ യുവതിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസാണ് ഷക്കീറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. സൗദി പൗരയായ 29കാരിയാണ് കേസിലെ പരാതിക്കാരി.

ഇക്കഴിഞ്ഞ സെപ്തംബര്‍ 13ന് എറണാകുളത്തെ ഹോട്ടലില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഏറെ നാളായി കൊച്ചിയിലാണ് സൗദി പൗരയായ യുവതി താമസിക്കുന്നത്. ഇവരെ അഭിമുഖം ചെയ്യുന്നതിനായാണ് ഷക്കീര്‍ സുബാന്‍ ഹോട്ടലിലെത്തിയത്. ഈ സമയത്ത് യുവതിയുടെ പ്രതിശ്രുത വരനും സ്ഥലത്തുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.

എന്നാല്‍ പിന്നീട് പ്രതിശ്രുത വരന്‍ പുറത്തേക്ക് പോയി. ഈ സമയത്ത് ഷക്കീര്‍ സുബാന്‍ പീഡന ശ്രമം നടത്തിയെന്നാണ് യുവതി പരാതിയില്‍ ആരോപിക്കുന്നത്. സംഭവത്തില്‍ ഇന്നലെയാണ് പോലീസ് കേസെടുത്തത്. എന്നാല്‍ പ്രതി വിദേശത്തേക്ക് കടന്നതായും പോലീസ് പറയുന്നു. മല്ലു ട്രാവലര്‍ എന്ന യൂ ട്യൂബ് ചാനലിലൂടെ തന്റെ യാത്രയുടെ വിവരങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെച്ചാണ് ഷക്കീര്‍ പ്രശസ്തനായത്. കണ്ണൂര്‍ സ്വദേശിയാണ്.

Exit mobile version