പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിച്ച സംഭവം; പ്രതിയെ പിടികൂടിയത് മറ്റൊരു പെണ്‍കുട്ടിയുമായി വയനാട്ടിലെ റിസോര്‍ട്ടില്‍ എത്തിയപ്പോള്‍!

കോഴിക്കോട് പന്തീരാങ്കാവ് മേലെ കച്ചേരി പുനത്തില്‍ വീട്ടില്‍ മുര്‍ഷിദ് മുഹമ്മദ് (24)നെയാണ് കല്‍പ്പറ്റ പോലീസ് അറസ്റ്റു ചെയ്തത്.

കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ റിസോര്‍ട്ടില്‍ എത്തിച്ച് പീഡിപ്പിച്ച കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. കോഴിക്കോട് പന്തീരാങ്കാവ് മേലെ കച്ചേരി പുനത്തില്‍ വീട്ടില്‍ മുര്‍ഷിദ് മുഹമ്മദ് (24)നെയാണ് കല്‍പ്പറ്റ പോലീസ് അറസ്റ്റു ചെയ്തത്.

താന്‍ ഓടിക്കുന്ന ബസില്‍ യാത്ര ചെയ്തിരുന്ന പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയുമായി മുര്‍ഷിദ് ബന്ധം സ്ഥാപിച്ചു. പിന്നീട് പെണ്‍കുട്ടിയെ വയനാട്ടിലെ റിസോര്‍ട്ടില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

മലപ്പുറം സ്വദേശിനിയായ പെണ്‍കുട്ടിയുടെ രക്ഷിതാക്കളാണ് വാഴക്കാട് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കല്‍പ്പറ്റയിലെ ഒരു റിസോര്‍ട്ടില്‍ എത്തിച്ചാണ് പെണ്‍കുട്ടിയെ മുര്‍ഷിദ് പീഡിപ്പിച്ചത്. പരാതി കല്‍പ്പറ്റ പോലീസിന് കൈമാറിയതിനെ തുടര്‍ന്ന് പോക്‌സോ നിയമ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പ്രതി മുര്‍ഷിദ് മുഹമ്മദിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി. അതിനിടെ ഇയാള്‍ മറ്റൊരു പെണ്‍കുട്ടിയുമായി കല്‍പ്പറ്റയിലെ തന്നെ മറ്റൊരു റിസോര്‍ട്ടില്‍ എത്തിയപ്പോള്‍ പിടിയിലാവുകയായിരുന്നു.

Exit mobile version