പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: ഹര്‍ഷിന സമരം അവസാനിപ്പിച്ചു

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ നീതി ആവശ്യപ്പെട്ട് ഹര്‍ഷിന നടത്തിവന്ന അനിശ്ചിതകാലസമരം അവസാനിപ്പിച്ചു. കേസില്‍ പ്രതിപ്പട്ടിക സമര്‍പ്പിച്ചതോടെയാണ് ഹര്‍ഷിന സമരം അവസാനിപ്പിച്ചത്. 105 ദിവസങ്ങളായി കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുമ്പില്‍ ഹര്‍ഷിന സമരം ചെയ്യുകയായിരുന്നു.

ഹര്‍ഷിന മുന്നോട്ട് വച്ച ആവശ്യങ്ങള്‍ പരിഗണിക്കപ്പെട്ടുവെന്ന് സമരസമിതി പറഞ്ഞു. ജനകീയവും നിയമപരവുമായ പോരാട്ടം തുടരും. 50 ലക്ഷം രൂപ ഹര്‍ഷിനക്ക് നഷ്ടപരിഹാരം നല്‍കണം. നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ തുടര്‍ സമരം നടത്തുമെന്നും സമരസമിതി ചെയര്‍മാന്‍ ദിനേശ് പെരുമണ്ണ പറഞ്ഞു.

കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകുന്നതിന് ഇന്ന് നോട്ടീസ് നല്‍കും. ഡോ. രമേശന്‍, ഡോ ഷഹന, നഴ്‌സിംഗ് ഓഫീസര്‍ രഹന, സ്റ്റാഫ് നഴ്‌സ് മഞ്ജു എന്നിവരാണ് പ്രതികള്‍. പ്രതികളെ ചോദ്യം ചെയ്തതിനു ശേഷമാകും പ്രോസിക്യൂട്ട് ചെയ്യാനുള്ള അപേക്ഷ നല്‍കുക. ഇക്കാര്യത്തില്‍ പോലീസ് നേരത്തെ നിയമോപദേശം തേടിയിട്ടുണ്ട്.

രണ്ട് വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 2017 നവംബര്‍ 30ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണു ഹര്‍ഷിനയുടെ വയറ്റില്‍ ആര്‍ട്ടറി ഫോര്‍സെപ്‌സ് കുടുങ്ങിയതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അന്ന് ശസ്ത്രക്രിയ നടത്തിയ സംഘത്തിലുണ്ടായിരുന്നവരാണ് നാല് പ്രതികളും.

കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് ഒന്നിനാണ് ഹര്‍ഷിന സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്ട് പ്രകാരം മെഡിക്കല്‍ കോളജ് പോലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ 6 മാസത്തിനകമാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്.

Exit mobile version