പ്രതിശ്രുത വരന്റെ വീട്ടില്‍ക്കയറി മുന്‍ വനിതാ സുഹൃത്തിന്റെ അക്രമം: വരനും മാതാപിതാക്കള്‍ക്കും പരിക്ക്; വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്നും പിന്‍മാറി

മലപ്പുറം: പ്രതിശ്രുത വരന്റെ വീട്ടില്‍ക്കയറി മുന്‍ വനിതാ സുഹൃത്തിന്റെ അക്രമം.
ഇന്ന് വിവാഹം നടക്കാനിരിക്കെ ചങ്ങരംകുളം മേലേ മാന്തടത്ത് ഇന്നലെ പുലര്‍ച്ചെയാണ് നാടകീയ സംഭവങ്ങള്‍ നടന്നത്. ആക്രമണത്തില്‍ പ്രതിശ്രുത വരനും മാതാപിതാക്കള്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിവാഹ വാഗ്ദാനം നല്‍കി യുവാവ് മറ്റൊരു വിവാഹം കഴിക്കുന്നതായി അറിഞ്ഞതോടെയാണ് യുവതി സഹോദരിയും ബന്ധുക്കളും സുഹൃത്തുക്കളുമടക്കമുള്ള 20 അംഗ സംഘവുമായി എത്തി ആക്രമണം നടത്തിയത്. വരനെയടക്കം ആക്രമിക്കുകയും കല്യാണ വീട്ടിലെ സാധനങ്ങള്‍ അടിച്ചു തകര്‍ത്തെന്നും വരന്റെ വീട്ടുകാര്‍ പറയുന്നു.

മേലേ മാന്തടം സ്വദേശിയായ യുവാവും എടപ്പാള്‍ തട്ടാന്‍പടി സ്വദേശിയായ യുവതിയും പഠന കാലത്തെ സുഹൃത്തുക്കളാണ്. യുവതി അഞ്ച് വര്‍ഷം മുന്‍പ് വിവാഹ മോചിതയാണ്.

ഇന്ന് നടക്കേണ്ട വിവാഹത്തില്‍ നിന്നും വധുവിന്റെ വീട്ടുകാര്‍ പിന്‍മാറി. സംഭവം വിവാദമായതോടെ വധുവിന്റെ ബന്ധുക്കള്‍ വിവാഹത്തില്‍ നിന്നു പിന്‍മാറുകയാണെന്നു അറിയിച്ചു. വിവാഹത്തിനായി ഇരു വീട്ടുകാരും ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയിരുന്നു.

അതേസമയം, യുവാവിന്റെ വീട്ടുകാര്‍ ആക്രമിച്ചെന്ന് ആരോപിച്ചു യുവതിയും സഹോദരിയും ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ യുവതിയുടെ വീട്ടുകാരായ കണ്ടാലറിയുന്ന 20 പേര്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു.

Exit mobile version