‘ഹിന്ദിക്കാരുടെ കുട്ടിയല്ലെ എന്ന് പറഞ്ഞ് അന്ത്യ കര്‍മ്മങ്ങള്‍ നടത്താന്‍ പൂജാരിമാര്‍ വിസമ്മതിച്ചു’, പിന്നീട് കര്‍മ്മം ചെയ്തത് ഓട്ടോഡ്രൈവര്‍

ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിനെ സാക്ഷിയാക്കി മാധ്യമങ്ങള്‍ക്കു മുന്നില്‍ വളരെ വിഷമത്തോടെയാണ് രേവന്ത് ഇക്കാര്യം പറഞ്ഞത്.

കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കുഞ്ഞിന്റെ അന്ത്യ കര്‍മങ്ങള്‍ നടത്താന്‍ പൂജാരിമാര്‍ വിസമ്മതിച്ചെന്ന് ആരോപണം. തുടര്‍ന്ന് അഞ്ച് വയസുകാരിയുടെ സംസ്‌കാര കര്‍മ്മം ചെയ്തത് ഓട്ടോ ഡ്രൈവര്‍. നേരത്തെ അനാഥരായവരുടെ മൃതദേഹം സംസ്‌കരിക്കാന്‍ പോയിട്ടുണ്ടായിരുന്നുവെന്നും ആ പരിചയം വച്ചാണ് ആലുവയിലെ കുട്ടിയുടെ സംസ്‌കാര കര്‍മ്മങ്ങള്‍ ചെയ്തതെന്നും ഓട്ടോ ഡ്രൈവര്‍ രേവന്ത് പറഞ്ഞു. കുട്ടിയുടെ പിതാവിന്റെ ആവശ്യപ്രകാരമാണ് പല പൂജാരികളെയും സമീപിച്ചത്. എന്നാല്‍ ആരും പൂജ ചെയ്യാന്‍ തയാറായില്ല. ഒടുവില്‍ കുഞ്ഞിന് താന്‍ തന്നെ കര്‍മ്മം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിനെ സാക്ഷിയാക്കി മാധ്യമങ്ങള്‍ക്കു മുന്നില്‍ വളരെ വിഷമത്തോടെയാണ് രേവന്ത് ഇക്കാര്യം പറഞ്ഞത്.


രേവന്തിന്റെ വാക്കുകള്‍…

‘ആലുവ പോയി, മാള പോയി, കുറമശ്ശേരി ഭാഗത്തൊക്കെ അലഞ്ഞു. ഒരു പൂജാരിയും വരാന്‍ തയാറായില്ല. അവരൊന്നും മനുഷ്യന്മാരല്ല. അവര്‍ ചോദിച്ചത് ഹിന്ദിക്കാരുടെ കുട്ടിയല്ലേ എന്നാണ്. ഹിന്ദിക്കാരുടെ കുട്ടിയാണെങ്കിലും മനുഷ്യന്മാര്‍ തന്നെയല്ലേ? അപ്പോള്‍ ഞാന്‍ വിചാരിച്ചു, നമ്മുടെ മോള്‍ടെ കാര്യമല്ലേ, ഞാന്‍ തന്നെ കര്‍മം ചെയ്യാം എന്ന്. എനിക്ക് കര്‍മങ്ങള്‍ അത്ര നന്നായി അറിയുന്ന ആളല്ല. ഞാന്‍ ഇതിനു മുന്‍പ് ഒരു മരണത്തിനേ കര്‍മം ചെയ്തിട്ടുള്ളൂ. ഇതു കേട്ടപ്പോള്‍ എനിക്ക് ആകെ വല്ലായ്മ തോന്നി” രേവത് വെളിപ്പെടുത്തി.

Exit mobile version