മിന്നുമണിക്ക് നാടിന്റെ ആദരം;മൈസൂര്‍ റോഡ് ജംഗ്ഷന്‍ ഇനി മുതല്‍ ‘മിന്നുമണി ജംഗ്ഷന്‍’

മിന്നുവിന്റെ നാട്ടിലുള്ള ഒരു ജംഗ്ഷന് 'മിന്നുമണി ജംഗ്ഷന്‍' എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

വയനാട്: ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ വനിതാ ടീമില്‍ ഇടംനേടിയ മലയാളി താരം മിന്നു മണിയെ ആദരിച്ച് മാനന്തവാടി നഗരസഭ. പരമ്പരയ്ക്ക് ശേഷം നാട്ടിലെത്തിയ മിന്നുവിന് വലിയ സ്വീകരണമാണ് നല്‍കിയിരുന്നത്. വനിതാ ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിന്റെ താരമാണ് മിന്നു.

ഇപ്പോഴിതാ, വയനാട്ടില്‍ നിന്നുള്ള ഒരു ചിത്രമാണ് ഡല്‍ഹി കാപിറ്റല്‍സ് പങ്കുവച്ചിരിക്കുന്നത്. മിന്നുവിന്റെ നാട്ടിലുള്ള ഒരു ജംഗ്ഷന് ‘മിന്നുമണി ജംഗ്ഷന്‍’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. മാനന്തവാടി നഗരസഭയാണ് ബോര്‍ഡ് വച്ചിരിക്കുന്നത്. മിന്നുവും ബോര്‍ഡിന് താഴെയുണ്ട്.

ഡല്‍ഹി കാപിറ്റല്‍സ് പങ്കുവച്ച ചിത്രത്തിന്റെ ക്യാപ്ഷന്‍ ഇങ്ങനെയായിരുന്നു… ”കേരളത്തിലെ വയനാട്ടില്‍ നിന്നുള്ളതാണ് ഈ ചിത്രം. നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരാനുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയാണിത്. ഇന്ത്യന്‍ ടി20 ടീമിലെ അരങ്ങേറ്റത്തിന് പിന്നാലെ മിന്നുമണിക്ക് സ്പെഷ്യല്‍ സമ്മാനവുമായി നാട് സര്‍പ്രൈസ് ഒരുക്കിയിരിക്കുന്നത്.” ഫ്രാഞ്ചൈസി കുറിച്ചിട്ടു.

ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി 20യിലൂടെയാണ് മിന്നു മണി ഇന്ത്യന്‍ ടീമില്‍ എത്തിയത്. അരങ്ങേറ്റത്തില്‍ തന്റെ ആദ്യ ഓവറിലെ നാലാം പന്തില്‍ മിന്നു മണി വിക്കറ്റ് സ്വന്തമാക്കിയിരുന്നു. തന്റെ മൂന്ന് ഓവറില്‍ 21 റണ്‍സേ മിന്നു മണി വിട്ടുകൊടുത്തുള്ളൂ. അരങ്ങേറ്റ ഓവറില്‍ തന്നെ വിക്കറ്റ് നേടുന്ന രണ്ടാമത്തെ മലയാളി താരമാണ് മിന്നു. പ്രഥമ വനിതാ പ്രീമിയര്‍ ലീഗില്‍ ഡെല്‍ഹി ക്യാപിറ്റല്‍സിന്റെ താരം കൂടിയാണ് മിന്നു മണി. വയനാട് സ്വദേശിയാണ്.

Exit mobile version