ശബരിമലയില്‍ നിരോധനാജ്ഞ മകരവിളക്ക് വരെ നീട്ടി

പത്തനംതിട്ട: ഇന്ന് അവസാനിക്കേണ്ടിയിരുന്ന ശബരിമലയിലെ നിരോധനാജ്ഞ മകരവിളക്ക് വരെ നീട്ടി. ഈ മാസം പതിനാലിനാണ് മകരവിളക്ക്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ പിബി നൂഹാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരും റിപ്പോര്‍ട്ടിനെ അനുകൂലിച്ചു.

ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമായിരിക്കും. ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്ക് ദര്‍ശനം നടത്തുന്നതിനോ ശരണം വിളിക്കുന്നതിനോ യാതൊരു തടസ്സവും ഉണ്ടായിരിക്കില്ല.

യുവതി പ്രവേശനത്തില്‍ കേരളത്തില്‍ അക്രമങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ നീട്ടിയത്. ഇനിയും യുവതികള്‍ എത്തിയാല്‍ തടയാനായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സന്നിധാനത്തും പമ്പയിലും തമ്പടിക്കുന്നുണ്ട്.

മണ്ഡലകാലം മുതലാണ് ശബരിമല, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പിന്നീടിത് പലതവണകളിലായി നീട്ടുകയായിരുന്നു. ഇപ്പോഴും എല്ലാദിവസവും ശരണപ്രതിഷേധം സന്നിധാനത്ത് തുടരുന്നുണ്ട്. സംഘര്‍ഷ സാധ്യത സന്നിധാനത്ത് നിലനില്‍ക്കുന്നുവെന്നാണ് പോലീസ് റിപ്പോര്‍ട്ടുകള്‍. പോലീസിന്റെ ആവശ്യത്തെ തുടര്‍ന്നാണ് നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്.

പോലീസ് നിരീക്ഷണവും സുരക്ഷയും കര്‍ശനമാക്കിയിട്ടുണ്ട്. സായുധസേന അംഗങ്ങളെ അധികമായി വിന്യസിച്ചു. അക്രമങ്ങളുണ്ടായാല്‍ പ്രതിരോധിയ്ക്കാനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. മകരവിളക്ക് സീസണ്‍ ആരംഭിച്ചിട്ടും തീര്‍ത്ഥാകടരുടെ കാര്യമായ തിരക്ക് സന്നിധാനത്ത് ഇപ്പോഴുമില്ല.

Exit mobile version