ചെവി വേദന പറഞ്ഞു ആശുപത്രിയിലെത്തി ഡോക്ടറെ കയ്യേറ്റം ചെയ്തു; രണ്ടു യുവാക്കൾ അറസ്റ്റിൽ

കണ്ണൂർ ജില്ലയിലെ കരിയാട് സ്വദേശികളായ നവരംഗത്തിൽ ശരത്ത് (33), കേളു ചെട്ടീന്റെവിട സനൂപ് (32) എന്നിവരെയാണ് നാദാപുരം സിഐ ഇ.വി. ഫായിസ് അലി അറസ്റ്റ് ചെയ്തത്.

നാദാപുരം: ചെവി വേദനയെന്നു പറഞ്ഞു ഗവ താലൂക്ക് ആശുപത്രിയിലെത്തി ഡോക്ടറെ കയ്യേറ്റം ചെയ്ത കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. കണ്ണൂർ ജില്ലയിലെ കരിയാട് സ്വദേശികളായ നവരംഗത്തിൽ ശരത്ത് (33), കേളു ചെട്ടീന്റെവിട സനൂപ് (32) എന്നിവരെയാണ് നാദാപുരം സിഐ ഇ.വി. ഫായിസ് അലി അറസ്റ്റ് ചെയ്തത്. കാഷ്വാലിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഭരത് കൃഷ്ണയ്ക്ക് നേരെയാണു കയ്യേറ്റമുണ്ടായത്. ചൊവ്വ രാത്രി 12 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.

ശരത്തും കൂടെയുണ്ടായിരുന്നവരുമാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. വയനാട്ടിൽ നിന്നു വരുന്ന വഴി ചെവിയില്‍ വേദന എന്ന് പറഞ്ഞായിരുന്നു യുവാക്കൾ ആശുപത്രിയിൽ എത്തിയത്. ഡോക്ടര്‍ മരുന്ന് എഴുതി നല്‍കുകയും നെബുലൈസേഷന് നിര്‍ദേശിക്കുകയും ചെയ്തു. ഇതിനിടെ മറ്റൊരാള്‍ കൂടി തനിക്ക് ചെവിയില്‍ വേദനയുണ്ടെന്ന് പറഞ്ഞതോടെ നഴ്‌സ് ഒപി ടിക്കറ്റെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഒപി ടിക്കറ്റെടുക്കാതെ മരുന്ന് എഴുതാനാകില്ലെന്ന് ഡോക്ടറും അറിയിച്ചു. ഇതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കയ്യേറ്റത്തിലേക്കു നയിച്ചത്.

അധികൃതർ പോലീസിനെ വിവരം അറിക്കുന്നതിനിടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ആശുപത്രിയിലെ സിസിടിവിയിൽനിന്ന് പ്രതികളുടെ ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു. ഫോട്ടോ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

Exit mobile version