ഹര്‍ത്താലില്‍ അക്രമം കാണിച്ച് അറസ്റ്റിലായ ബിജെപി നേതാക്കള്‍ക്ക് മാലയിട്ട് സ്വീകരണം! വമ്പന്‍ സ്വീകരണമൊരുക്കിയത് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ്

ചെറുതോണിയില്‍ വാഹനങ്ങള്‍ തടഞ്ഞ ബിജെപി നേതാക്കളെയാണ് അറസ്റ്റിന് ശേഷം ജാമ്യത്തില്‍ വിട്ടയച്ചത്.

ഇടുക്കി: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പിന്നെ സംസ്ഥാനത്ത് വന്ഡ പ്രതിഷേധങ്ങളും അക്രമങ്ങളുമാണ് അരങ്ങേറിയത്. അക്രമികളായ നിരവധിപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശേഷം പുറത്തിറങ്ങിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് വന്‍ സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. മാലയിട്ടാണ് പലരും സ്വീകരിച്ചത്. പക്ഷേ ആ മാലയിടല്‍ നടത്തിയതില്‍ മുന്‍ പന്തിയില്‍ നിന്നിരുന്നത് കോണ്‍ഗ്രസ് നേതാവ് ആണ്.

ചെറുതോണിയില്‍ വാഹനങ്ങള്‍ തടഞ്ഞ ബിജെപി നേതാക്കളെയാണ് അറസ്റ്റിന് ശേഷം ജാമ്യത്തില്‍ വിട്ടയച്ചത്. ഇവര്‍ക്കാണ് സ്വീകരണവും ഒരുക്കിയിരുന്നത്. കോണ്‍ഗ്രസ് ഇടുക്കി ഡിസിസി ജനറല്‍ സെക്രട്ടറിയായ എംഡി അര്‍ജുനനായിരുന്നു ഇവരെ മാലയിട്ട് സ്വീകരിച്ചത്. സ്വീകരണ ശേഷം ഇവരോടൊപ്പമാണ് ഡിസിസി ജനറല്‍ സെക്രട്ടറിയും പോയത്. തിരികെ ജാഥയായി വീണ്ടും ചെറുതോണിയിലെത്തി മുഖ്യമന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു. പ്രകടനത്തിന് ശേഷം നടന്ന യോഗം ഉദ്ഘാടനം ചെയ്തതും എംഡി അര്‍ജുനനായിരുന്നു.

അതേസമയം വിഷയത്തെ കുറിച്ച് അറിയില്ലെന്നും വിഷയത്തില്‍ ജനറല്‍ സെക്രട്ടറിക്കെതിരെ കെപിസിസി പ്രസിഡന്റുമായി ആലോചിച്ച് നടപടിയെടുക്കുമെന്നും ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു. എ ഗ്രൂപ്പുകാരനായ ഡിസിസി സെക്രട്ടറിയ്‌ക്കെതിരെ മറ്റ് ഗ്രൂപ്പുകളും രംഗത്ത് വന്നിട്ടുണ്ട്. കെപിസിസി പ്രസിഡന്റിന് ഇത് സംബന്ധിച്ച് പരാതി നല്‍കുമെന്നും കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ പറഞ്ഞു.

എന്നാല്‍ അയ്യപ്പസേവാ സംഘത്തിന്റെ പ്രസിഡന്റ് എന്ന നിലയിലാണ് ബിജെപി പ്രവര്‍ത്തകരെ സ്വീകരിച്ചതെന്നും മറ്റ് ഇരുപത്തഞ്ചോളം അംഗങ്ങള്‍ തന്നോടൊപ്പമുണ്ടായിരുന്നെന്നും ഇതില്‍ രാഷ്ട്രീയം ഇല്ലെന്നും എംഡി അര്‍ജുനന്‍ വിശദീകരിക്കുന്നു.

Exit mobile version