ജനിച്ച മണ്ണില്‍ത്തന്നെ മരിക്കണം, അത് ഞങ്ങളുടെ ആഗ്രഹമാണ്..! അന്ന് മഹാപ്രളയത്തില്‍ നിന്ന് കേരളത്തെ കൈപിടിച്ച് ഉയര്‍ത്തിയ മത്സ്യത്തൊഴിലാളികള്‍ ഇന്ന് രക്ഷിക്കണമെന്ന് അപേക്ഷിക്കുന്നു; പെണ്‍കുട്ടിയുടെ വീഡിയോ

ആലപ്പാട്: കേരളത്തിന്റെ അതിജീവനത്തിന് കൈത്താങ്ങായ മത്സ്യത്തൊഴിലാളികളില്‍ ഈ ആലപ്പാട്ടുകാരും ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഇവരുടെ കൂടും കുടുംബവും കടല്‍ എടുക്കുന്ന അവസ്ഥയാണ്. ഇതിന് പ്രധാന കാരണം അശാസ്ത്രീയ കരിമണല്‍ ഖനനമാണ്. എന്നാല്‍ പല തവണ ഇതിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നെങ്കിലും ആരും നടപടി എടുത്തില്ല. ഇപ്പോള്‍ തന്റെ നാടിനെ രക്ഷിക്കണം എന്നപേക്ഷിച്ച്
ഫേസ്ബുക്ക് ലൈവിലൂടെ രംഗത്തുവന്നിരിക്കുകയാണ് ഒരു പെണ്‍കുട്ടി.

ആലപ്പാട് ദിനം പ്രതി ഇല്ലാതാകുന്നു. ഇവിടെയുള്ളവരില്‍ അധികവും മത്സ്യത്തൊഴിലാളികളാണ്. ഇവിടുന്ന് മാറിത്താമസിച്ചാല്‍ അവരുടെ ജീവിതമാര്‍ഗ്ഗം ആകും ഇല്ലാതാകുക. ഇത് ഞങ്ങളുടെ നാടിന്റെ അവസ്ഥയാണ്. നാളെ കേരളം മുഴുവനും ചിലപ്പോള്‍ ഇല്ലാതായേക്കും എന്നാണ് പെണ്‍കുട്ടി പറയുന്നത്.

ഇപ്പോഴും വില്ലേജ് ഓഫീസിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ പ്രളയത്തില്‍ കൈത്താങ്ങായി ഉണ്ടായിരുന്നത് മത്സ്യത്തൊഴിലാളികളാണ്. ആ ഞങ്ങളെ നിങ്ങള്‍ രക്ഷിക്കുമെന്ന പ്രതീക്ഷ ഇപ്പോഴുമുള്ളതുകൊണ്ടാണ് ഇങ്ങനൊരു വിഡിയോ ചെയ്യുന്നത്.

ജനിച്ച മണ്ണില്‍ത്തന്നെ മരിക്കണം. അത് ഞങ്ങളുടെ ആഗ്രഹമാണ്. അതിനുവേണ്ടിയാണ് ഞങ്ങളീ പോരാടുന്നത്. സേവ് ആലപ്പാട്, സ്റ്റോപ് മൈനിങ് എന്ന് പറഞ്ഞുകൊണ്ടാണ് വിഡിയോ അവസാനിക്കുന്നത്. നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ ഈ വിഡിയോ പങ്കുവെച്ചിട്ടുണ്ട്.

Exit mobile version