ശുദ്ധികലശം നടത്തിയ തന്ത്രി മനുഷ്യനല്ല, ബ്രാഹ്മണ രാക്ഷസനെന്ന് മന്ത്രി സുധാകരന്‍

തന്ത്രിസ്ഥാനം പിന്‍വലിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല

ശബരിമല തന്ത്രിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് മന്ത്രി സുധാകരന്‍. തന്ത്രി ബ്രാഹ്മണനല്ല, ബ്രാഹ്മണ രാക്ഷസനാണെന്ന് മന്ത്രി പറഞ്ഞു. തന്ത്രിക്ക് അയ്യപ്പനോട് സ്നേഹമില്ല. സ്ത്രീകള്‍ കയറിയപ്പോള്‍ ശുദ്ധികലശം നടത്തിയ തന്ത്രി മനുഷ്യനാണോ എന്നും സുധാകരന്‍ ചോദിച്ചു.

തന്ത്രിസ്ഥാനം പിന്‍വലിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല. എന്നാല്‍ ശബരിമലയിലെ തന്ത്രിയായി ഇരിക്കണോയെന്ന് തീരുമാനിക്കാന്‍ ദേവസ്വംബോര്‍ഡിന് അധികാരമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തന്ത്രി അവിടുന്ന് ഇറങ്ങിപോകണമെന്ന് മുഖ്യമന്ത്രി പറഞ്ഞതിലൂടെ തന്നെ നിലപാട് വ്യക്തമാണല്ലോ എന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരുമായി ചേര്‍ന്നു നിന്ന് കോണ്‍ഗ്രസ് ശക്തമായ നിലപാടെടുത്താല്‍ അക്രമം കുറയുമെന്നും സുധാകരന്‍ പറഞ്ഞു. ചില മാധ്യമങ്ങള്‍ എല്ലാ വശങ്ങളും എഴുതുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.വര്‍ഗീയത ആര് പ്രചരിപ്പിച്ചാലും അത് പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി വി.എസ് സുനില്‍കുമാര്‍ എന്നിവര്‍ ശുദ്ധിക്രിയ നടത്തിയ തന്ത്രിയുടെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചിട്ടുളളത്. സുപ്രീംകോടതി വിധി അനുസരിക്കാന്‍ തന്ത്രി ബാധ്യസ്ഥനാണെന്നും ഇല്ലെങ്കില്‍ തന്ത്രി സ്ഥാനമൊഴിയണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

സുപ്രീം കോടതി വിധി അംഗീകരിക്കാത്ത തന്ത്രിയെ ഉടന്‍ മാറ്റണമെന്ന് മന്ത്രി സുനില്‍കുമാര്‍ ആവശ്യപ്പെട്ടിരുന്നു. ‘ശുദ്ധിക്രിയ’ നടത്താന്‍ തന്ത്രിക്ക് എന്തവകാശമാണ് ഉണ്ടായിരുന്നതെന്നാണ് മന്ത്രിയുടെ ചോദ്യം. ദേവസ്വം ബോര്‍ഡ് ഇടപെട്ട് തന്ത്രി സ്ഥാനത്ത് നിന്നും രാജീവരെ മാറ്റണം. യുവതീ പ്രവേശനത്തെ തുടര്‍ന്ന് നടയടച്ച തന്ത്രി കണ്ഠരര് രാജീവരുടെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് സുനില്‍കുമാറും ഉയര്‍ത്തിയത്.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന് ശുദ്ധികലശം നടത്തിയതിന് എതിരെ സ്ത്രീകളുടെ ആത്മാഭിമാന പ്രഖ്യാപന സദസ്സ് രംഗത്തുവന്നിരുന്നു. ഭരണഘടനാ വിരുദ്ധമായ അയിത്താചരണത്തിന് എതിരെ ശക്തമായ നിയമ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കണ്‍വീനര്‍ അഡ്വ. കെവി ഭദ്രകുമാരി പറഞ്ഞിരുന്നു.

Exit mobile version