‘ഭാര്യയുടെ സാലറി സര്‍ട്ടിഫിക്കറ്റും രേഖകളുമെല്ലാം സമര്‍പ്പിച്ചാണ് വാഹനം വാങ്ങിയത്’; മിനി കൂപ്പര്‍ വിവാദത്തില്‍ സിഐടിയു നേതാവ്

കൊച്ചി: മിനി കൂപ്പര്‍ വിവാദത്തില്‍ പ്രതികരിച്ച് സിഐടിയു നേതാവ് പികെ അനില്‍കുമാര്‍. അമ്പത് ലക്ഷം രൂപ വില വരുന്ന മിനികൂപ്പറാണ് പെട്രോളിയം ഗ്യാസ് ആന്‍ഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ വാങ്ങിയത്. കുടുംബത്തോടൊപ്പം ഷോറൂമില്‍ നിന്നും വാഹനം സ്വന്തമാക്കുന്നതിന്റെ ദൃശ്യങ്ങളടക്കം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

തൊഴിലാളി സംഘടന തലപ്പത്ത് പ്രവര്‍ത്തിക്കുന്ന നേതാവ് ഇത്രയും വിലയുള്ള വാഹനം വാങ്ങിയതിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇതോടെയാണ് അനില്‍ കുമാര്‍ വിശദീകരണവുമായി എത്തിയത്. അതേസമയം ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ജീവനക്കാരിയായ ഭാര്യ വായ്പയെടുത്താണ് വാഹനം വാങ്ങിയതെന്ന് അനില്‍കുമാര്‍ വ്യക്തമാക്കി.

ഭാര്യ 28 വര്‍ഷമായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ജീവനക്കാരിയാണ്. അഞ്ച് വര്‍ഷം കൂടുമ്പോള്‍ വാഹനം മാറ്റിയെടുക്കാനുള്ള ഓപ്ഷന്‍ അവര്‍ക്കുണ്ട്. അതിന്റെ ഭാഗമായി അവര്‍ക്ക് ഏത് വാഹനം വേണമെങ്കിലും വാങ്ങാം. ബാങ്കുമായി ബന്ധപ്പെട്ട് സാലറി സര്‍ട്ടിഫിക്കറ്റും മറ്റ് രേഖകളുമെല്ലാം സമര്‍പ്പിച്ചാണ് വാഹനം വാങ്ങിയിരിക്കുന്നത്. മകന് വാഹനത്തോട് ഭയങ്കര താത്പര്യമാണ്. മകന്റെ നിര്‍ബന്ധപ്രകാരമാണ് വാഹനം വാങ്ങിയതെന്നും അനില്‍കുമാര്‍ പറഞ്ഞു.

Exit mobile version