‘സംഘമിത്രമേ ഈ ചതി ഞങ്ങളോട് വേണ്ടായിരുന്നു’; ശബരിമല യുവതീ പ്രവേശനത്തില്‍ കുമാര്‍ സംഗക്കാരയുടെ പേജില്‍ പൊങ്കാലയിട്ട് മലയാളികള്‍

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ ക്രിക്കറ്റ് താരം കുമാര്‍ സംഗക്കാരയുടെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിട്ട് മലയാളികള്‍. ശ്രീലങ്കയില്‍ നിന്നുളള ശശികല ശബരിമല സന്നിധാനത്തെത്തി എന്നതിന്റെ തെളിവുകള്‍ പുറത്തു വന്നതോടെ ട്രോളുകളും അതിവേഗം പായാന്‍ തുടങ്ങി.

പേരിലെ ‘സംഗ’യാണ് താരത്തിന് പണിയായത്. സംഘപരിവാര്‍ പ്രവര്‍ത്തകരെ പരിഹസിക്കാനാണ് പേരിലെ സംഗയെ വച്ച് സംഗക്കാരയുടെ പേജ് ഉപയോഗിച്ചിരിക്കുന്നത്. തന്റെ ആഡംബര ഫ്‌ലാറ്റ് സമുച്ചയമായ ക്രിസ്റ്റല്‍ സാന്‍ഡ്‌സിന്റെ പ്രഖ്യാപനം നടത്തിയ വീഡിയോയ്ക്ക് താഴെയാണ് മലയാളത്തിലുള്ള കമന്റുകള്‍ വന്നുനിറയുന്നത്. ഡിസംബര്‍ ഏഴിനാണ് സംഗക്കാര ഈ വീഡിയോ പോസറ്റ് ചെയ്തത്.

ഹര്‍ത്താല്‍ നടന്ന വ്യാഴാഴ്ച മുതലാണ് ഇതിന്റെ താഴെ കമന്റുകള്‍ വന്നു തുടങ്ങിയത്. ശ്രീലങ്കയിലെ സംഘ മിത്രമെന്ന് വിശേഷിപ്പിച്ചാണ് ട്രോളുകള്‍ ഏറെയും വരുന്നത്. ശബരിമല വിഷയത്തില്‍ ശ്രീലങ്കയില്‍ ഹര്‍ത്താല്‍ നടത്തണമെന്ന് ആവശ്യപ്പെട്ടും ഹനുമാന്‍ ലങ്ക കത്തിച്ചതിന് പകരം വീട്ടിയല്ലേ എന്ന് ചോദിച്ചും പരിഹാസ ട്രോളുകളുണ്ട്.

‘നിങ്ങള്‍ എന്തൊരു സ്ത്രീയാണ്, ഞങ്ങളുടെ ടീച്ചറുടെ പേരും ഇട്ട് വന്ന് ഞങ്ങള്‍ക്കിട്ടു തന്നെ പണിതല്ലോ ശശികലേ..’ എന്ന് ട്രോളന്‍മാര്‍ വിലപിക്കുന്നു. അപ്പോ എങ്ങനെ.. നാമജപം ശ്രീലങ്കയിലും തുടങ്ങുകയല്ലേ എന്ന് ചിലര്‍. ശ്രീലങ്കയില്‍ ഹര്‍ത്താല്‍ നടത്താന്‍ വേണ്ടി പാസ്‌പോര്‍ട്ട് എടുക്കാന്‍ പോയ സംഘപ്രവര്‍ത്തകര്‍.

ഒരുപാട് ഇഷ്ടം ആയിരുന്നു, ആരാധിച്ചിരുന്നു. ഇന്നലെ 10.30 വരെ… ഈ ചതി ഞങ്ങളോട് വേണ്ടാരുന്നു..’ തുടങ്ങിയ രസകരമായ കമന്റുകള്‍ സംഗക്കാരയുടെ പേജില്‍ നിറയുകയാണ്. ശ്രീലങ്കയിലെ ‘സംഘ’ പ്രവര്‍ത്തകനായിട്ട് അവിടെ നിന്ന് യുവതിയെ ശബരിമലയിലെത്തിച്ചത് ശരിയായില്ലെന്നാണ് മലയാളത്തിലെ കമന്റുകള്‍ പറയുന്നത്.

ഇതെന്താണെന്ന് പോലും കുമാര്‍ സംഗക്കാരക്ക് ഒറ്റനോട്ടത്തില്‍ മനസിലാവില്ല. ജീവിതത്തിലിന്നുവരെ സംഗകാരയുടെ ഫേസ്ബുക്ക് പേജിലൊന്ന് പോയി നോക്കാത്തവര്‍ വരെ ആവേശത്തോടെ കമന്റുകളിടുകയാണ്. ഇതെന്താണ് സംഭവമെന്ന് എപ്പോഴെങ്കിലും മനസിലാക്കിയാല്‍ ഒരു പേരിലെന്തിരിക്കുന്നുവെന്ന് കുമാര്‍ സംഗകാരയെങ്കിലും ഒരിക്കലും ചോദിക്കില്ല.

Exit mobile version