യുവതികളെ പുറത്താക്കിയില്ലെങ്കില്‍ ശ്രീകോവില്‍ അടച്ചിടും; ആചാരലംഘനം സമ്മതിക്കാനാകില്ല; തന്ത്രി കണ്ഠരര് രാജീവര്

സന്നിധാനത്തേക്ക് കയറാനെത്തിയ സ്ത്രീകളെ ശബരിമലയില്‍ നിന്നും പുറത്തിറക്കിയില്ലെങ്കില്‍ ശ്രീകോവില്‍ അടച്ചിടുമെന്ന് തന്ത്രി കണ്ഠരര് രാജീവര്.

പത്തനംതിട്ട: സന്നിധാനത്തേക്ക് കയറാനെത്തിയ സ്ത്രീകളെ ശബരിമലയില്‍ നിന്നും പുറത്തിറക്കിയില്ലെങ്കില്‍ ശ്രീകോവില്‍ അടച്ചിടുമെന്ന് തന്ത്രി കണ്ഠരര് രാജീവര്. യുവതികള്‍ എത്രയും പെട്ടെന്ന് മടങ്ങിപ്പോകണമെന്നും അല്ലാത്ത പക്ഷം ശ്രീകോവില്‍ അടച്ചിടുമെന്നും തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു.

യുവതികളെ പുറത്താക്കണം. യുവതികള്‍ പതിനെട്ടാം പടി ചവിട്ടിയാല്‍ ശ്രീകോവില്‍ അടച്ചിടുമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം ഇക്കാര്യം ദേവസ്വം ബോര്‍ഡിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ശബരിമലയില്‍ പൂജകള്‍ നിര്‍ത്തിവെച്ച് അല്‍പം മുന്‍പ് പരികര്‍മിമാര്‍ പ്രതിഷേധം ആരംഭിച്ചിരുന്നു. മേല്‍ശാന്തിമാരുടെ പരികര്‍മികള്‍ പതിനെട്ടാം പടിയുടെ താഴെ കുത്തിയിരുന്നാണ് പ്രതിഷേധിക്കുന്നത്.

തന്ത്രിയുടെ സഹായികളും ഉള്‍പ്പെടെ 35 ഓളം പേരാണ് പതിനെട്ടാം പടിയുടെ താഴെ ഇരുന്ന് പ്രതിഷേധിക്കുന്നത്. ശരണം വിളിച്ചുകൊണ്ടാണ് ഇവരുടെ പ്രതിഷേധം. ശബരിമല സന്നിധാനത്ത് ആദ്യമായാണ് ഇത്തരമൊരു പ്രതിഷേധം നടക്കുന്നത്.

പ്രധാനപൂജകളില്‍ ഇടപെടുന്നവരാണ് ഇപ്പോള്‍ എല്ലാ പൂജകളും നിര്‍ത്തിവെച്ച് പ്രതിഷേധിക്കുന്നത്. ശ്രീകോവില്‍ മാത്രമാണ് ഇപ്പോള്‍ തുറന്നുവെച്ചത്. മറ്റുപൂജകള്‍ നടക്കുന്നില്ല. തന്ത്രികളും മേല്‍ശാന്തിമാരും പുറത്തേക്ക് വന്നിട്ടില്ല.

തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍ പതിനെട്ടാം പടിക്ക് താഴെയിരുന്നാണ് തങ്ങള്‍ പ്രതിഷേധിക്കുന്നതെന്ന് പരികര്‍മിമാര്‍ പറഞ്ഞു.

യാതൊരു കാരണവശാലും യുവതികളെ പ്രവേശിപ്പിക്കരുതെന്നും അതിനെതിരെ തങ്ങളുടെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും ഇവര്‍പറയുന്നു. ആക്ടിവിസ്റ്റുകളെ ഒരുകാരണവശാലും ഇവിടേക്ക് കടത്തിവിടരുതെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ശബരമലയില്‍ ആചാരലംഘനം നടക്കുകയാണെങ്കില്‍ നടയടച്ച് താക്കോല്‍ ഏല്‍പ്പിക്കണമെന്ന് തന്ത്രി കണ്ഠരര് രാജീവരിന് പന്തളം കൊട്ടാരത്തിന്റെ നിര്‍ദേശമുണ്ടായിരുന്നു. ശുദ്ധിക്രിയ നടത്തിയതിനുശേഷം മാത്രമേ പിന്നീട് നട തുറക്കാന്‍ പാടുള്ളൂവെന്നും കൊട്ടാരം അറിയിച്ചു. പന്തളം കൊട്ടാര നിര്‍വാഹക സമിതി സെക്രട്ടറി വിഎന്‍ നാരായണ വര്‍മയാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയത്.

അതേസമയം ഐജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധക്കാരുമായും യുവതികളുമായും ചര്‍ച്ച നടത്തി. സംഘര്‍ഷാവസ്ഥ അറിയിച്ചതോടെ തിരികെപ്പോകാന്‍ യുവതികള്‍ സന്നദ്ധത അറിയിച്ചുവെന്ന് ഐജി അറിയിച്ചു. ബലം പ്രയോഗിച്ച് യുവതികളെ സന്നിധാനത്ത് പ്രവേശിപ്പിക്കില്ലെന്ന് ഐജി പ്രതിഷേധക്കാര്‍ക്ക് ഉറപ്പുനല്‍കി.

Exit mobile version