‘ഞാന്‍ എഴുതൂല’! ഞാന്‍ ബ്രസീല്‍ ഫാന്‍ ആണ്, എനിക്ക് നെയ്മറിനെയാണ് ഇഷ്ടം: പരീക്ഷയിലും ടീംമിനോടുള്ള ഇഷ്ടം വിടാതെ കുഞ്ഞ് ആരാധിക, ഏറ്റെടുത്ത് ബ്രസീല്‍ ഫാന്‍സ്

തിരൂര്‍: സംസ്ഥാന സ്‌കൂള്‍ പരീക്ഷയില്‍ നാലാം ക്ലാസുകാര്‍ക്കുള്ള മലയാളം ചോദ്യ പേപ്പര്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.അതിന്റെ പ്രധാനകാരണം ഫുട്ബോള്‍ ഇതിഹാസം ലിയോണല്‍ മെസിയായിരുന്നു. മെസിയുടെ ജീവചരിത്രം തയ്യാറാക്കാനുള്ള ചോദ്യം അതിലുണ്ടായിരുന്നു. മെസിയുടെ ജനനം, ഫുട്ബോള്‍ ജീവിതം, നേട്ടങ്ങള്‍, പുരസ്‌കാരങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ നല്‍കിയായിരുന്നു വികസിപ്പിച്ച് ജീവചരിത്രം തയാറാക്കാനുള്ള ചോദ്യം.

പരീക്ഷയാണെന്ന് കരുതി എതിര്‍ ടീമിലെ കളിക്കാരനെ കുറിച്ച് എഴുതാനൊന്നും റിസ ഫാത്തിമ തയ്യാറല്ല. ജീവ ചരിത്രം എഴുതാനുള്ള വിവരങ്ങളും ചോദ്യക്കടലാസില്‍ ഉണ്ടായിരുന്നു. എന്നാല്‍ കടുത്ത ബ്രസീല്‍ ഫാനായ റിസ ഫാത്തിമ എഴുതിയ ഉത്തരമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായത്.

തിരൂര്‍ പുതുപ്പള്ളി ശാസ്താ എഎല്‍പിഎസിലെ നാലാംക്ലാസുകാരിയാണ് റിസ ഫാത്തിമ. ‘ഞാന്‍ എഴുതൂല, ഞാന്‍ ബ്രസീല്‍ ഫാന്‍ ആണ്. എനിക്ക് നെയ്മാറിനെയാണ് ഇഷ്ടം. മെസിയെ ഇഷ്ടമല്ല’- എന്നായിരുന്നു റിസയുടെ ഉത്തരം.

കുഞ്ഞു ആരാധകരില്‍ ചിലര്‍ക്കെങ്കിലും ചോദ്യവും ചിത്രവും അത്ര രസിച്ചിരുന്നില്ല. ചോദ്യപേപ്പറില്‍ നെയ്മറും റൊണാള്‍ഡോയും എവിടെയെന്ന് ചില കുട്ടി ആരാധകര്‍ ചോദിച്ചുവെന്ന് അധ്യാപകര്‍ തന്നെ പറയുന്നു.

ഈ ഉത്തരക്കടലാസ് അധ്യാപകനായ റിഫ ഷാലീസിന്റെ പക്കലെത്തി. രസകരമായി തോന്നിയ ഉത്തരക്കടലാസ് അദ്ദേഹം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. മാര്‍ക്കിനെക്കാള്‍ വലുതാണ് ഇഷ്ട ടീമെന്നാണ് ബ്രസീല്‍ ഫാന്റെ പ്രതികരണം.

Exit mobile version