നിരീശ്വരവാദികളോടോ അവിശ്വാസികളോടോ അനാദരവില്ല: പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വീഡിയോ; വിശദീകരിച്ച് സുരേഷ് ഗോപി

കൊച്ചി: വിവാദ പ്രസംഗത്തില്‍ പ്രതികരിച്ച് നടന്‍ സുരേഷ് ഗോപി. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പുകള്‍ എഡിറ്റ് ചെയ്തതാണെന്ന് സുരേഷ് ഗോപി പറഞ്ഞു.

തനിക്ക് നിരീശ്വരവാദികളോടോ അവിശ്വാസികളോടോ അനാദരവില്ല. ശബരിമലയില്‍ വന്ന ശല്യക്കാരെയും തന്റെ മതപരമായ അവകാശത്തിന് എതിരായി നില്‍ക്കുന്ന എല്ലാ രാഷ്ട്രീയ കക്ഷികളെയും ആണ് ഉദ്ദേശിച്ചത്. രാഷ്ട്രീയത്തിന്റെ പേരിലോ മറ്റ് മതങ്ങളുടെ പേരിലോ ആരെങ്കിലും നുഴഞ്ഞ് കയറാന്‍ ശ്രമിച്ചാല്‍ അവരുടെ നാശത്തിനായി പ്രാര്‍ത്ഥിക്കുമെന്നും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റില്‍ സുരേഷ് ഗോപി പറഞ്ഞു.

‘അടുത്തിടെ നടത്തിയ എന്റെ പ്രസംഗത്തില്‍ നിന്നുള്ള ഒരു വിഡിയോ ക്ലിപ്പ് പ്രചരിക്കുന്നത് കണ്ടു. എന്നാല്‍ അത് എഡിറ്റ് ചെയ്തതാണ്. ഈ പ്രശ്നത്തെ പറ്റി അറിഞ്ഞയുടന്‍ പ്രതികരിക്കണമെന്നു തോന്നി. അവിശ്വാസികളുടെയോ നിരീശ്വരവാദികളുടെയോ മൂല്യവത്തും വിവേകപൂര്‍ണവുമായ ചിന്തകളെ ഞാന്‍ അനാദരിക്കുന്നില്ല. ഞാന്‍ അവരെക്കുറിച്ച് സംസാരിച്ചിട്ടില്ല. എന്റെ ആശയം വഴിതിരിച്ചുവിടാനുള്ള ചിലരുടെ വിഷലിപ്തമായ ആഗ്രഹം നടത്താന്‍ ആ പ്രസംഗത്തെ കഷണങ്ങളാക്കി മുറിച്ചു.

ഭരണഘടനാപരമായി അനുവദിക്കപ്പെട്ടിട്ടുള്ള എന്റെ മതത്തിന്റെ ആചാരങ്ങള്‍ നടത്തുന്നതിന് തടസം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെപ്പറ്റിയാണ് ഞാന്‍ പറഞ്ഞത്. രാഷ്ട്രീയത്തിന്റെ പേരിലോ മറ്റു മതങ്ങളുടെ പേരിലോ ആരെങ്കിലും നുഴഞ്ഞുകയറാന്‍ ശ്രമിച്ചാല്‍ അവരുടെ നാശത്തിനായി ഞാന്‍ പ്രാര്‍ഥിക്കും. ശബരിമലയില്‍ വന്ന ശല്യക്കാരെയും എന്റെ മതപരമായ അവകാശത്തിന് എതിരായി വന്ന എല്ലാ രാഷ്ട്രീയ ശക്തികളെയുമാണ് ഞാന്‍ ഉദ്ദേശിച്ചത്. അതു മാത്രമായിരുന്നു എന്റെ ഉദ്ദേശവും ഉള്ളടക്കവും.

രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി, തന്റെ രാഷ്ട്രീയം പ്രദര്‍ശിപ്പിക്കാന്‍ ഒരാളെയും അനുവദിക്കരുത്, ഞാന്‍ അതിനെ പൂര്‍ണ്ണമായും എതിര്‍ക്കുന്നു. എന്റെ ഉദ്ദേശത്തെ ആരും വഴിതിരിച്ചുവിടേണ്ടതില്ല. ഇത് പറയുമ്പോള്‍ എനിക്ക് അതില്‍ രാഷ്ട്രീയ ഉദ്ദേശങ്ങളില്ലായിരുന്നു. അങ്ങനെ ഒരിക്കലും ചെയ്യില്ല.” എന്നും സുരേഷ് ഗോപി പറഞ്ഞു.

ആലുവ ശിവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് സംസാരിക്കവെ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ലോകത്തുള്ള അവിശ്വാസികളോട് ഒട്ടും സ്നേഹമില്ലെന്നും അവരുടെ സര്‍വ്വ നാശത്തിനായി ശ്രീകോവിലിന്റെ മുമ്പില്‍ നിന്ന് പ്രാര്‍ത്ഥിക്കുമെന്നുമായിരുന്നു പ്രചരിച്ച വീഡിയോയില്‍ സുരേഷ് ഗോപി പറയുന്നത്.

തന്റെ മതത്തേയും അതപോലെ മറ്റു മതങ്ങളേയും സ്നേഹിക്കുന്നുണ്ട്. ഭക്തിയെ നിന്ദിക്കുന്നവരെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

Exit mobile version