‘അപ്പനോട് പറയാതെ പോയല്ലോടാ, എന്റെ ശക്തിയായിരുന്നല്ലോടാ പൊന്നുമക്കളേ’ 2 മക്കൾ ചലനമറ്റ് കിടക്കുന്നത് കണ്ട് നെഞ്ചുതല്ലി പിതാവിന്റെ വിങ്ങൽ

Brother dies | Bignewslive

കോഴഞ്ചേരി: ‘മെഫിനേ, നീ അപ്പനോടു പറയാതെ പോയല്ലോടാ…നീ എന്റെ ശക്തിയായിരുന്നല്ലോടാ മെറിനേ, എന്റെ പൊന്നുമക്കളേ’ പുഴയിൽ മുങ്ങി മരിച്ച രണ്ട് മക്കളുടെയും ചലനമറ്റ ശരീരം കണ്ട് പിതാവിന്റെ പൊട്ടിക്കരച്ചിലാണ് ഇത്. പരപ്പുഴക്കടവിലെ മണലിൽ വീണുകിടന്നുള്ള അനിയൻകുഞ്ഞിന്റെ നിലവിളി കൂടി നിന്ന അപരിചിതരുടെ വരെ കണ്ണുകളെ ഈറനണിയിച്ചു.

മക്കളായ മെറിനും മെഫിനും ബൈക്ക് റാലിയിൽ പങ്കെടുക്കുന്നതിനാൽ അനിയൻകുഞ്ഞും ഭാര്യയും മറ്റ് ബന്ധുക്കൾക്കൊപ്പം ബസിലാണ് കൺവെൻഷന് എത്തിയത്. പത്താം ക്ലാസിൽ മുഴുവൻ എ പ്ലസ് വിജയം നേടിയായിരുന്നു മെഫിന്റെ വിജയം. ഇതും കരച്ചിലിനിടെ അനിയൻകുഞ്ഞ് വിളിച്ചു പറയുന്നുണ്ടായിരുന്നു. അപകടസ്ഥലത്ത് തരിച്ചിരിക്കുകയായിരുന്ന കൂട്ടുകാരായ മെർലിനോടും ആൽബിനോടും ജിബിനോടും അദ്ദേഹം നെഞ്ചു തകർന്നു ചോദിച്ചു- നിങ്ങളെ ഏൽപ്പിച്ചിരുന്നതല്ലേ എന്റെ മക്കളേ…ആ ചോദ്യത്തിൽ അവരുടെയും പിടിവിട്ടു പൊട്ടിക്കരഞ്ഞുപോയി.

യുവാവിന്റെ മൃതദേഹം കരയ്‌ക്കെത്തിക്കുന്നു

കൺവെൻഷൻ നഗറിൽനിന്ന അനിയൻകുഞ്ഞിനെ കടവിലേക്ക് കൊണ്ടുവരുകയായിരുന്നു. മൃതദേഹം കണ്ടതോടെ ബോധരഹിതനായ അനിയൻകുഞ്ഞിനെ യുവജന സംഘത്തിലെ അംഗങ്ങൾ ആംബുലൻസിൽ കയറ്റി അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പമ്പാനദിയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് കൗമാരക്കാരായ സഹോദരങ്ങൾ മുങ്ങി മരിച്ചത്.

യൂണിറ്റിന് 40 പൈസ; ഏപ്രിലിൽ വൈദ്യുതി നിരക്ക് വർധനവിന് സാധ്യത

മാവേലിക്കര ചെട്ടികുളങ്ങര പേള മൂന്നുപറയിൽ മെറിൻ വില്ലയിൽ അനിയൻകുഞ്ഞിന്റെയും ലിജോ മോളുടെയും മക്കളായ മെഫിൻ (15), മെറിൻ (18) എന്നിവരാണ് മരിച്ചത്. മാവേലിക്കര ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് തോണ്ടപ്പുറത്ത് രാജുവിന്റെയും ലവ്ലിയുടെയും മകൻ എബിൻ മാത്യുവിനെ(സോനു-24) ആണ് കാണാതായത്. എബിനായുള്ള തെരച്ചിൽ നടത്തി വരികയാണ്.

കാണാതായ എബിന്‍

ശനിയാഴ്ച മൂന്നരയോടുകൂടി ആറന്മുളയ്ക്കുസമീപം പരപ്പുഴക്കടവിലായിരുന്നു അപകടം. എട്ടംഗ സംഘമാണ് ചെട്ടികുളങ്ങരയിൽനിന്ന് മോട്ടോർ സൈക്കിളിൽ മാരാമൺ കൺവെൻഷനെത്തിയത്. കൺവെൻഷന്റെ ഭാഗമായി യുവവേദി നടത്തിയ ബൈക്ക് റാലിയിൽ പങ്കെടുത്തശേഷമാണ് ഇവർ കുളിക്കാനായി പരപ്പുഴക്കടവിലേക്ക് പോയത്. കടവിൽ വണ്ടിവെച്ചശേഷം ആറ്റിലേക്കിറങ്ങി. മെഫിൻ നദിയുടെ മധ്യഭാഗത്തേക്ക് നീങ്ങുമ്പോൾ കയത്തിലേക്ക് താഴ്ന്നുപോയി. കണ്ടുനിന്ന മെറിനും എബിനും രക്ഷിക്കാനായി ആറ്റിലേക്ക് ചാടിയെങ്കിലും അവരും കയത്തിലകപ്പെട്ടു. മൂവർക്കും നീന്തൽ വശമുണ്ടായിരുന്നില്ലെന്നാണ് വിവരം.

ആറന്മുള വള്ളംകളിയുടെ സ്റ്റാർട്ടിങ് പോയിന്റായ പരപ്പുഴക്കടവ് പമ്പാനദിയിൽ ഏറ്റവും ആഴമേറിയ ഭാഗങ്ങളിലൊന്നാണ്. മരിച്ച മെറിൻ പ്ലസ്ടു പഠനം കഴിഞ്ഞു നിൽക്കുകയാണ്. മെഫിൻ മറ്റം സെയ്ന്റ് ജോൺസ് എച്ച്.എസ്.എസ്. പത്താം ക്ലാസ് വിദ്യാർഥിയാണ്. കാണാതായ എബിൻ മാവേലിക്കര ഐ.എച്ച്.ആർ.ഡി. അപ്ലൈഡ് സയൻസ് കോളേജിൽനിന്ന് ബി.സി.എ. പഠനം പൂർത്തിയാക്കി.

Exit mobile version