യാത്രക്കാരുടെ ജീവന് വിലയില്ല! ബസ് ഓടിക്കുന്നതിനിടെ തുടരെ തുടരെ ഫോണില്‍ സംസാരം: ഒറ്റക്കൈ കൊണ്ട് ഡ്രൈവറുടെ സാഹസിക ഡ്രൈവിങ്ങ്

കോഴിക്കോട്: ബസ് ഓടിക്കുന്നതിനിടെ യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കി
ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം. കോഴിക്കോട്-പരപ്പനങ്ങാടി റൂട്ടിലോടുന്ന സംസം ബസിലാണ് സംഭവം.

ബസ് ഓടിക്കുന്നതിനിടെ തുടര്‍ച്ചയായി ഫോണ്‍ ഉപയോഗിക്കുന്ന ഡ്രൈവറുടെ ദൃശ്യങ്ങള്‍ യാത്രക്കാരാണ് പകര്‍ത്തിയത്. ഫറോക്ക് പേട്ട മുതല്‍ ഇടിമൂഴിക്കല്‍ വരെ 8 തവണയാണ് ഡ്രൈവര്‍ ഫോണ്‍ ചെയ്തത്. ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍വാഹന വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്. ഇയാളോട് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാളെ ഫറോക്ക് ജോയിന്റ് ആര്‍ടിഒ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം.

അതേസമയം, കൊച്ചിയില്‍ മദ്യപിച്ച് ബസ് ഓടിച്ച ആറ് ഡ്രൈവര്‍മാരെ കസ്റ്റഡിയിലെടുത്തു. രണ്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരേയും നാല് സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരേയുമാണ് പിടികൂടിയത്. 20 ലേറെ ബസുകളും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ സ്വകാര്യ ബസിന്റെ മരണപ്പാച്ചിലിനിടെയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കൊച്ചിയില്‍ ബസുകളില്‍ പരിശോധന കര്‍ശനമാക്കിയത്.

Exit mobile version