അതിഥിയാണ് അടിമയല്ല! ന്യൂമോണിയ ബാധയ്ക്ക് ചികിത്സ നല്‍കാതെ തൊഴിലുടമയുടെ ക്രൂരത; തിങ്ങിപ്പാര്‍ക്കുന്ന ക്യാമ്പില്‍ അന്യസംസ്ഥാന തൊഴിലാളി മരിച്ചു

പശ്ചിമബംഗാള്‍ ഉത്തംപൂര്‍ സ്വദേശി ബീമാ സിംഗാണ് (63) കുന്നത്തൂര്‍ ഐവര്‍കാലയില്‍ മരിച്ചത്.

deadbody

കുന്നത്തൂര്‍: ന്യൂമോണിയ ബാധയെ തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്ക് നിര്‍ദേശിച്ചെങ്കിലും ചികിത്സ നല്‍കാന്‍ തൊഴിലുടമ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമബംഗാള്‍ ഉത്തംപൂര്‍ സ്വദേശി ബീമാ സിംഗാണ് (63) കുന്നത്തൂര്‍ ഐവര്‍കാലയില്‍ മരിച്ചത്.

അന്യസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ക്യാമ്പില്‍ തിങ്കളാഴ്ച രാവിലെ അവശനിലയില്‍ കാണപ്പെട്ട ബീമാ സിംഗിനെ ക്യാമ്പ് നടത്തിപ്പുകാരനും തൊഴിലുടമയുമായ വ്യക്തി ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. നില അതീവ ഗുരുതരമാണെന്നും കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിക്കണമെന്നും ഡോക്ടര്‍ നിര്‍ദേശിച്ചു.

എന്നാല്‍ രോഗിക്കൊപ്പം കൂടെ നില്‍ക്കാന്‍ ആളെ കൂട്ടി വരാമെന്ന് പറഞ്ഞ് തൊഴിലുടമ ബീമാ സിംഗുമായി കുന്നത്തൂരിലേക്ക് തിരികെ പോയി. പക്ഷെ, ക്യാമ്പില്‍ എത്തിച്ച ശേഷം വീണ്ടും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഇയ്യാള്‍ തയ്യാറായില്ല. വൈകിട്ടോടെ ബീമാ സിംഗിന്റെ നില ഗുരുതരമായതിനെ തുടര്‍ന്ന് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ വീണ്ടും എത്തിച്ചെങ്കിലും മരിച്ചു.

മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം അടുത്ത ദിവസം വിമാനമാര്‍ഗം സ്വദേശത്തേക്ക് കൊണ്ടുപോകും.

Exit mobile version