അമ്മ സംഘടന ഒരു സഹായവും ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു: സിനിമയിലേക്കാള്‍ കൂടുതല്‍ സഹായിച്ചത് പ്രേക്ഷകരാണ്; മോളി കണ്ണമാലിയുടെ മകന്‍

കൊച്ചി: ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെ അതിജീവിച്ച് നടി മോളി കണ്ണമാലി ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. നടിയെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍
ആരാധകരുടെ വലിയ സഹായം തന്നെ ലഭിച്ചിരുന്നു. ആശുപത്രിവാസം കഴിഞ്ഞ് മോളി കണ്ണമാലി തിരികെ വീട്ടില്‍ എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ നടിയെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സുമനസ്സുകള്‍ നല്‍കിയ സഹായത്തിന് നന്ദിയറിയിച്ച് എത്തിയിരിക്കുകയാണ് മോളി കണ്ണമാലിയുടെ മകന്‍.

അമ്മച്ചിയെ തിരികെ കിട്ടുമെന്ന് വിചാരിച്ചിരുന്നതല്ല. ന്യൂമോണിയ കൂടിയ അവസ്ഥയിലാണ് ആശുപത്രിയില്‍ കൊണ്ടുപോകുന്നത്. ചെന്നപ്പോള്‍ തന്നെ ഡോക്ടര്‍മാര്‍ പറഞ്ഞത് ജീവനോടെ തിരികെ പോകാന്‍ പറ്റുന്ന കാര്യം സംശയമാണെന്നാണ്. അത്രയധികം രോഗം മൂര്‍ച്ഛിരുന്നു. വെന്റിലേറ്ററിലേക്കാണ് ആദ്യം തന്നെ കൊണ്ടുപോയത്. ഞങ്ങളുടെ കയ്യില്‍ പണം ഇല്ലായിരുന്നു.

ജോയ് മാത്യു സാറിനെ കോണ്‍ടാക്ട് ചെയ്തിരുന്നു. സര്‍ വഴിയാണ് ആദ്യം കാണിച്ച ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ ട്രസ്റ്റിലേക്ക് മാറ്റിയത്. സാറാണ് ആദ്യം അമ്മച്ചിയുടെ കാര്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത്. അത് കഴിഞ്ഞ് നിരവധിയാളുകള്‍ ഞങ്ങളുടെ അവസ്ഥ അറിയിച്ചുകൊണ്ട് വീഡിയോയും പോസ്റ്റുമൊക്കെയിട്ടു. ബിനീഷ് ബാസ്റ്റിന്‍, ദിയ സന, ഫിറോസ് കുന്നുംപറമ്പില്‍ തുടങ്ങി ഒരുപാട് പേര്‍ ഈ രീതിയില്‍ സഹായിച്ചു.

അമ്മച്ചിയുടെ അവസ്ഥ അമ്മ സംഘടനയെ അറിയിച്ചിരുന്നു. എന്നാല്‍ അംഗമല്ലാത്തത് കൊണ്ട് ഒരു സഹായവും ചെയ്യാന്‍ പറ്റില്ലെന്നാണ് പറഞ്ഞത്. സിനിമാ മേഖലയില്‍ നിന്നും ബാല, പ്രേംകുമാര്‍ ഇവരൊക്കെ സഹായിച്ചിരുന്നു. അമ്മച്ചിയുടെ അവസ്ഥ ബാല സാറിനെ വിളിച്ച് പറഞ്ഞപ്പോള്‍ അപ്പോള്‍ തന്നെ വീട്ടിലേക്ക് വരാന്‍ പറഞ്ഞു. ചെന്നയുടന്‍ പതിമൂവായിരം രൂപയുടെ ചെക്ക് തന്നു. സിനിമാമേഖലയില്‍ നിന്നുള്ള സഹായത്തേക്കാള്‍ കൂടുതല്‍ പ്രേക്ഷകരാണ് സഹായിച്ചത്. അറിയാത്ത ഒരുപാട് ആളുകള്‍ സുഖവിവരം തിരക്കുകയും അമ്മച്ചിക്ക് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്.

മെഡിക്കല്‍ ട്രസ്റ്റില്‍ ചെന്നപ്പോഴും അവസ്ഥ മോശമായിരുന്നു. രണ്ട് ദിവസം വെന്റിലേറ്ററിലായിരുന്നു. അതിന് ശേഷം ഐസിയുവിലേക്ക് മാറ്റി. വീട്ടിലും ഓക്‌സിജന്‍ സിലണ്ടര്‍ വേണം. മന്ത്രി വീണ ജോര്‍ജ്ജ് ഇടപെട്ടാണ് ഓക്‌സിജന്‍ സിലണ്ടര്‍ കിട്ടിയത്. ചികിത്സയ്ക്ക് സുമനസുകളെ ആശ്രയിക്കാതെ ഞങ്ങള്‍ നിവര്‍ത്തിയില്ലായിരുന്നു. മത്സ്യബന്ധനത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. കടലില്‍ പണിയില്ലാത്തപ്പോള്‍ വേറെ വരുമാനം ഒന്നുമില്ല. കുട്ടികളും മുതിര്‍ന്നവരുമായി 9 പേരാണ് ഒരു വീട്ടില്‍ കഴിയുന്നത്. കെ.വി തോമസ് സാറിന്റെ ഫണ്ടില്‍ നിന്നും അനുവദിച്ച തുക കൊണ്ട് ഉണ്ടാക്കിയ ചെറിയ ഒരു വീട് മാത്രമാണ് ഞങ്ങള്‍ക്ക് ഉള്ളത്.

ഇതിന്റെ ഇടയ്ക്ക് പലരും മമ്മൂട്ടി സര്‍ പതിനഞ്ച് ലക്ഷം രൂപ തന്നു എന്നൊക്കെ പ്രചരിപ്പിച്ചിരുന്നു. അത് കാരണം മമ്മൂട്ടി സഹായിച്ചില്ലേ ചോദിച്ച് പലരും സഹായം തരാതെയിരുന്നിട്ടുണ്ട്. അമ്മച്ചിക്ക് ആദ്യം സുഖമില്ലാതെ വന്നപ്പോള്‍ മമ്മൂട്ടി സാറാണ് സഹായിച്ചത്. അമ്മച്ചി തന്നെ പലയിടത്തും അത് തുറന്ന് പറഞ്ഞിട്ടുമുണ്ട്. ഡിസ്ചാര്‍ജ് ചെയ്യാന്‍ നേരം അദ്ദേഹം അമ്പതിനായിരം രൂപ തന്നത് മറക്കാനാകില്ല. പക്ഷെ പലരും പതിനഞ്ച് ലക്ഷം തന്നുവെന്നാണ് പ്രചരിപ്പിച്ചതെന്നും മരുമകള്‍ പറയുന്നു.

Exit mobile version