ആഘോഷങ്ങൾ ഒഴിവാക്കി, 20 കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്തു; വിവാഹത്തിലും മാതൃകയായി ആര്യ

കൂരോപ്പട: സിവിൽ സർവീസിൽ 113-ാം റാങ്ക് നേടി നാടിന്റെ അഭിമാനമായ ആര്യ ആർ നായർ വിവാഹ ജീവിതത്തിലേയ്ക്ക് കടക്കുന്നു. ഡൽഹി സ്വദേശിയും അഹമ്മദാബാദിൽ നികുതി വകുപ്പിൽ അസിസ്റ്റന്റ് കമ്മിഷണറുമായ ശിവം ത്യാഗിയാണ് വരൻ. പുതിയ ജീവിതത്തിലേയ്ക്ക് കടക്കുമ്പോഴും മാതൃകയായി തന്നെയാണ് ആര്യയുടെ ചുവടുവെയ്പ്പ്.

ലളിതമായ രീതിയിൽ പാമ്പാടി സബ് രജിസ്ട്രാർ ഓഫീസിൽ സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വെള്ളിയാഴ്ചയാണ് വിവാഹം നടത്തുന്നത്. ഇരുവരും ഒരുമിച്ച് എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വിവാഹം ലളിതമായി നടത്താൻ തീരുമാനം കൈകൊണ്ടത്. വിവാഹാഘോഷങ്ങൾ ഒഴിവാക്കി, അർഹതപ്പെട്ട 20 കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസച്ചെലവുകൾ ഏറ്റെടുത്താണ് ഇവർ മികച്ച മാതൃകയാകുന്നത്.

ആർഭാടത്തിന് പിന്നാലെ പോകുന്നവരിൽ വഴിമാറിയാണ് ആര്യയുടെ സഞ്ചാരം. നാഗ്പൂരിൽ ഐ.ആർ.എസ്. പരിശീലനത്തിലാണ് ആര്യ. ഏപ്രിലോടെ സർവീസിൽ പ്രവേശിക്കും. കൂരോപ്പട അരവിന്ദത്തിൽ റിട്ട.ജോയിന്റ് ലേബർ കമ്മിഷണർ ജി.രാധാകൃഷ്ണൻ നായരുടെയും റിട്ട. അധ്യാപിക സുജാതയുടെയും മകളാണ്. അരവിന്ദനാണ് സഹോദരൻ.

Exit mobile version