അമ്മയുടെ മാല പൊട്ടിച്ചോടി: മോഷ്ടാക്കളെ മണിക്കൂറുകള്‍ക്കകം കൈയ്യോടെ പിടികൂടി മകനും നാട്ടുകാരും

സുല്‍ത്താന്‍ ബത്തേരി: കടയില്‍ സിഗരറ്റ് വാങ്ങാനെന്ന വ്യാജേന എത്തി അറുപതുകാരിയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചോടിയ യുവാക്കളെ മകനും നാട്ടുകാരും ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കേണിച്ചിറ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഇരുളം ചുണ്ടക്കൊല്ലിയിലാണ് സംഭവം.

ഇവിടെ കാപ്പി എസ്റ്റേറ്റിന് സമീപം സ്വന്തം വീടിനോട് ചേര്‍ന്ന് പലച്ചരക്ക് കട നടത്തുന്ന സരോജിനി അമ്മയുടെ മാലയാണ് രണ്ടംഗസംഘം എത്തി പൊട്ടിച്ചോടിയത്. മീനങ്ങാടിക്കടുത്ത കുമ്പളേരി മുണ്ടക്കല്‍ വീട്ടില്‍ ഡെല്ലസ് (27), മാനന്തവാടി സ്വദേശിയും ഇപ്പോള്‍ മീനങ്ങാടി 54-ലെ കോര്‍ട്ടേഴ്സില്‍ താമസക്കാരനുമായ ആലുക്കല്‍ വീട്ടില്‍ റഫീഖ് (38) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് കഞ്ചാവും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

സംഭവസമയത്ത് അമ്മ മാത്രമാണ് കടയിലുണ്ടായിരുന്നതെന്ന് മകന്‍ അനീഷ് പറഞ്ഞു. 11.30 ഓടെ രണ്ട് പേരാണ് ബൈക്കിലെത്തിയത്. കറുത്ത് കോട്ടും ഹെല്‍മറ്റും ധരിച്ചാണ് ഒരാള്‍ കടയിലേക്ക് കയറി വന്നത്. ഈ സമയം എന്‍ജിന്‍ ഓഫാക്കാതെ മറ്റേയാള്‍ ബൈക്കില്‍ തന്നെ ഇരിക്കുകയായിരുന്നു. സിഗരറ്റ് വാങ്ങി പണം നല്‍കുന്നതിനിടെ മാല പൊട്ടിക്കുകയും അമ്മയുടെ തോളില്‍ പിടിച്ച് തള്ളി രക്ഷപ്പെടുകയുമായിരുന്നു. പിടിവലിക്കിടെ മാലയുടെ ഒരു കഷ്ണം അമ്മയുടെ കൈയ്യിലായിരുന്നു.

ബഹളം കേട്ട് സരോജിനി അമ്മയുടെ മരുമകള്‍ എത്തി. ഇവര്‍ ഉടനെ ഭര്‍ത്താവായ അനീഷിനെ വിളിച്ചു പറയുകയായിരുന്നു. രണ്ട് മണിക്കൂര്‍ സമയം കൊണ്ടാണ് കള്ളന്മാരെ പിടികൂടിയത്. ആദ്യം റഫീഖിനെയാണ് പിടികൂടിയത്. കുറച്ചു നേരത്തെ തിരച്ചിലിന് ശേഷം സമീപപ്രദേശത്തെ തന്നെ ഒരു കുന്നിന്‍മുകളില്‍ നിന്ന് ഡെല്ലസ്സിനെയും പിടികൂടി.

Exit mobile version