ഭക്ഷണം കഴിച്ചതിന് പിന്നാലെ ഛർദ്ദി, അന്നനാളം പൊട്ടിപ്പോയി; 104 ദിവസം ആശുപത്രിവാസം, പുതിയ അന്നനാളം വെച്ചുപിടിപ്പിച്ച് സുരേഷ് ജീവിതത്തിലേയ്ക്ക്

സുൽത്താൻ ബത്തേരി: പതിവ് പോലെ രാത്രി ഭക്ഷണം കഴിച്ച് കിടക്കാൻ ഒരുങ്ങിയതായിരുന്നു ബത്തേരി കല്ലൂർ കട്ടിപ്പറമ്പിൽ കെ.എസ്. സുരേഷ്. എന്നാൽ ആ കിടപ്പ് ഒരിക്കലും ആശുപത്രിയിൽ ആയിരിക്കുമെന്ന് സുരേഷ് ഒരിക്കലും കരുതിയിരുന്നില്ല. 104 നീണ്ട ആശുപത്രി വാസത്തിനൊടുവിൽ സുരേഷ് വീണ്ടും ജീവിതത്തിലേയ്ക്ക് തിരികെ എത്തിയിരിക്കുകയാണ്. ഒരു ഛർദ്ദിയാണ് സുരേഷിന്റെ ജീവിതം മാറ്റിമറിച്ചത്.

രാത്രി ആഹാരം കഴിച്ച് കിടക്കാനൊരുങ്ങുമ്പോഴാണ് സുരേഷിന് മനംപുരട്ടൽ അനുഭവപ്പെടുന്നത്. കഴിച്ച ആഹാരം വയറിന് പിടിക്കാത്തതാണെന്ന് കരുതി ഛർദിക്കാൻ ശ്രമം നടത്തി. സാധാരണ ഛർദിക്കുമ്പോൾ, ആമാശയത്തിലുള്ള ആഹാരം മുകളിലേക്ക് തള്ളിവരുമ്പോൾ അന്നനാളത്തിന്റെ മുകൾഭാഗത്തെ വാൽവ് തുറന്നുകൊടുക്കും. എന്നാൽ സുരേഷ് ഛർദിച്ചപ്പോൾ ആ വാൽവ് തുറന്നില്ല. ഇതോടെ സുരേഷിന്റെ അന്നനാളം പൊട്ടിപ്പോവുകയായിരുന്നു.

ഛർദിലായി മുകളിലേക്ക് തള്ളിവന്ന ആഹാരവസ്തുക്കളെല്ലാം നെഞ്ചിൻകൂട്ടിൽ നിറയുകയും ചെയ്തു. ‘ബോവർഹാവ്സ് സിൻഡ്രം’ എന്ന അത്യപൂർവമായി മാത്രം സംഭവിക്കുന്ന ശരീരത്തിലെ അവസ്ഥയാണിത്. അസ്വസ്ഥതയുണ്ടായതോടെ രാത്രി തന്നെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും മരുന്ന് നൽകി വീട്ടിലേക്ക് പറഞ്ഞയച്ചു. എന്നാൽ, നേരം പുലർന്നപ്പോഴേക്കും സുരേഷിന്റെ ആരോഗ്യനില കൂടുതൽ വഷളായി.

ബത്തേരിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴാണ് അപകടം തിരിച്ചറിഞ്ഞത്. ശേഷം, ചികിത്സയ്ക്കായി കോഴിക്കോട്ട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ എമർജൻസി മെഡിസിൻ വിഭാഗത്തിലെത്തിച്ചു. ആരോഗ്യനില വഷളായതോടെ പിന്നീട് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത്, പൊട്ടിത്തകർന്നുപോയ അന്നനാളം ആദ്യം നീക്കം ചെയ്തു. നെഞ്ചിൽകെട്ടിക്കിടന്ന ഛർദിലിന്റെ അവശിഷ്ടങ്ങളും നീക്കംചെയ്തു. ശേഷം, ഒരുപാട് ശസ്ത്രക്രിയകൾ നടത്തി.

വായും വയറും തമ്മിൽ യാതൊരു ബന്ധവുമില്ലാതായി. ഇതിനാൽ ട്യൂബിലൂടെ പ്രോട്ടീൻ പൗഡറും ദ്രവരൂപത്തിലൂള്ള ഭക്ഷണവും നൽകിയിരുന്നത്. ഒരു വർഷത്തോളമാണ് ഇത്തരത്തിൽ ഭക്ഷണം നൽകിയത്. ഇടയ്ക്കിടെ അണുബാധയും സുരേഷിന്റെ ജീവിതത്തിന് വെല്ലുവിളിയായി. 104 ദിവസം നീണ്ട ആശുപത്രിവാസം അവസാനിച്ചെങ്കിലും കോഴിക്കോട്ടുനിന്ന് വയനാട്ടിലേക്ക് വരാനായില്ല. ആശുപത്രിക്ക് അടുത്ത് ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്ത് താമസിച്ചായിരുന്നു തുടർ ചികിത്സ നടത്തി വന്നിരുന്നത്.

ഒരു വർഷത്തിനുശേഷം, 2022 ഒക്ടോബർ 22-ന് ആമാശയത്തിന്റെ ഒരു ഭാഗമെടുത്ത് കുഴൽപോലെയാക്കി സുരേഷിന് പുതിയൊരു അന്നനാളം വെച്ചുപിടിപ്പിക്കുകയായിരുന്നു. ചികിത്സകൾ ഇനിയും തുടരേണ്ടതുണ്ട്. സുരേഷിന്റെ പ്രാണനുവേണ്ടി പ്രാർഥനയും പരിചരണവുമായി ഈ നാളുകളിലെല്ലാം ഭാര്യ പി.കെ. രജനിയും ഒപ്പമുണ്ട്. ബത്തേരി ബ്ലോക്ക് ഓഫീസിലെ എൻജിനിയറായ സുരേഷ് ഒന്നേകാൽ വർഷത്തിനുശേഷം കഴിഞ്ഞ തിങ്കളാഴ്ച വീണ്ടും ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.

Exit mobile version