ലോട്ടറി ഒന്നും വിറ്റുപോവാതെ നിരാശനായി ലാൽ; സഹായിക്കാൻ ടിക്കെറ്റെടുത്ത 3 പേർക്കും സമ്മാനം, ഒരാൾക്ക് കൈവന്നത് ഒരു കോടി!

തുടങ്ങനാട്: ലോട്ടറി ഒന്നും വിറ്റുപോവാതെ വിഷമിച്ചു ഇരുന്ന ലാലിന് വൈകുന്നേരമായതോടെ തേടിയെത്തിയത് മൂന്നിരട്ടി സന്തോഷം. പതിവ് പോലെ ലോട്ടറി വിൽപ്പന നടത്തി വന്ന ശേഷം ലോട്ടറികളുമായി പീറ്റർ ജോസഫിന്റെ ഓർക്കിഡ് ഹോട്ടലിൽ എത്തി. ചായയും ഭക്ഷണം കഴിക്കുന്നതിനിടെ ലോട്ടറി വിറ്റു പോവാത്ത സങ്കടവും പങ്കുവെച്ചു. ഇതുകേട്ട പീറ്ററും ജോലിക്കാരായ നേപ്പാളുകാരനായ ധാരാസിങ്ങും ഓരോ ടിക്കറ്റെടുത്തു.

മറ്റൊരു ജോലിക്കാരനായ പിഴക് കുന്നനാംകുഴിയിൽ ഷാജി രണ്ട് ടിക്കറ്റും എടുത്തു. ഈ സന്തോഷം നെഞ്ചിലേറ്റിയാണ് ലാൽ അവിടെ നിന്ന് മടങ്ങിയത്. ശേഷം, ബുധനാഴ്ച വൈകീട്ട് മൂന്നരയോടെ ട്വന്റി-ട്വൻറി ഫലം വന്നപ്പോൾ ഷാജിയെടുത്ത ടിക്കറ്റിന് ഒന്നാം സമ്മാനമായ ഒരുകോടി രൂപയും സമാശ്വാസ സമ്മാനമായ 8000രൂപയും അടിച്ചെന്ന വാർത്തയെത്തി.

ഒന്നാം സമ്മാനം ലഭിച്ച ഷാജി

പീറ്ററിനും ധാരാസിങ്ങിനും 8000 രൂപ വീതവും സമ്മാനം ലഭിച്ചു. ലോട്ടറി വിൽപ്പനക്കാരനെ സഹായിക്കാനെടുത്ത ടിക്കറ്റ് ഷാജിക്ക് വഴിത്തിരിവ് ആവുകയായിരുന്നു. വലിയ സമ്മാനം ലഭിച്ചില്ലെങ്കിലും കഷ്ടപ്പാടുകളിൽനിന്ന് ഷാജി രക്ഷപ്പെട്ടല്ലോ എന്ന ആശ്വാസമാണ് പീറ്ററും ധാരാസിങ്ങിനും ഉള്ളത്. കഴിഞ്ഞ 20 വർഷമായി പീറ്ററിന്റെ സ്ഥാപനവുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്നയാളാണ് ഷാജി.

Exit mobile version