കരാറില്‍ ഒപ്പുവച്ചു; ഈ വര്‍ഷം രണ്ട് ലക്ഷത്തോളം ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് ഹജ്ജിന് അവസരം

2020ലും 21ലും കൊവിഡ് വ്യാപനം മൂലം വിദേശ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് അവസരം ഉണ്ടായിരുന്നില്ല. 2022ല്‍ വിദേശ തീര്‍ത്ഥാടകര്‍ക്ക് അവസരം ലഭിച്ചപ്പോള്‍ 79,237 പേര്‍ ഇന്ത്യയില്‍ നിന്നും ഹജ്ജിനെത്തി

hajj

ജിദ്ദ: ഇന്ത്യയും സൗദിയും തമ്മില്‍ ഈ വര്‍ഷത്തെ ഹജ്ജ് കരാറില്‍ ഒപ്പുവച്ചു. കരാര്‍ പ്രകാരം ഈ വര്‍ഷം ഇന്ത്യയില്‍ നിന്നും 1,75,025 തീര്‍ത്ഥാടകര്‍ക്ക് ഹജ്ജിന് അവസരം ലഭിക്കും. 2019ല്‍ 2 ലക്ഷം തീര്‍ത്ഥാടകര്‍ക്ക് ഇന്ത്യയില്‍ നിന്നും ഹജ്ജിന് അവസരം ലഭിച്ചിരുന്നു.

ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലമും സൗദി ഹജ്ജ് ഉംറ സഹമന്ത്രി ഡോ.അബ്ദുള്‍ഫത്താഹ് സുലയിനുമാണ് ഈ വര്‍ഷത്തെ ഹജ്ജ് കരാറില്‍ ഒപ്പുവെച്ചത്. ജിദ്ദ സൂപ്പര്‍ഡോമില്‍ നടക്കുന്ന ഹജ്ജ് എക്സ്പോയില്‍ വച്ചാണ് ഇതുസംബന്ധമായ ചര്‍ച്ച നടന്നത്.

2020ലും 21ലും കൊവിഡ് വ്യാപനം മൂലം വിദേശ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് അവസരം ഉണ്ടായിരുന്നില്ല. 2022ല്‍ വിദേശ തീര്‍ത്ഥാടകര്‍ക്ക് അവസരം ലഭിച്ചപ്പോള്‍ 79,237 പേര്‍ ഇന്ത്യയില്‍ നിന്നും ഹജ്ജിനെത്തി.

ഹജ്ജ് തീര്‍ത്ഥാടനത്തില്‍ നിന്നും പിന്മാറിയവര്‍ക്ക് അടച്ച പണം തിരികെ ലഭിക്കുന്നതിനായുള്ള വ്യവസ്ഥകള്‍ അറിയാം…

പണമടച്ച് ഹജ്ജ് പെര്‍മിറ്റ് കൈപ്പറ്റിയവര്‍ക്കും അല്ലാത്തവര്‍ക്കും രണ്ട് തരത്തിലായിരിക്കും റീഫണ്ട് നടപടികള്‍. പണം തിരികെ ലഭിക്കുന്ന രീതികള്‍ മന്ത്രാലയം ഔദ്യോഗിക ഹാന്‍ഡിലില്‍ നിന്നുള്ള ട്വീറ്റിലൂടെ വിശദമാക്കിയിട്ടുണ്ട്.

മരണം, ആരോഗ്യ വൈകല്യം, ക്രിമിനല്‍ കേസുകള്‍ എന്നീ കാരണം അല്ലെങ്കില്‍ അപകടത്തില്‍പെട്ടവര്‍ക്ക് ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചാല്‍ മുഴുവന്‍ തുകയും തിരികെ ലഭിക്കും. അറബി മാസം ശവ്വാല്‍ 14ന് ശേഷം കൊവിഡ് ബാധയുണ്ടായവര്‍ക്കും ഇത് ബാധകമാണ്.

‘അബ്ഷിര്‍’ ആപ്ലിക്കേഷന്‍ വഴി ഹജ്ജ് അനുമതി പത്രം റദ്ദാക്കുകയും മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ, നുസ്‌ക് ആപ്ലിക്കേഷന്‍ വഴിയോ ബുക്കിങും റദ്ദാക്കാവുന്നതാണ്. രജിസ്‌ട്രേഷന്‍ തീയതി മുതല്‍ ശവ്വാല്‍ 14 വരെയുള്ള കാലയളവില്‍ അപേക്ഷ പിന്‍വലിച്ചവര്‍ക്ക് അടച്ച തുക മുഴുവനായി തിരികെ ലഭിക്കും.

ശവ്വാല്‍ 15 മുതല്‍ ദുല്‍ഖഅദ് അവസാനം വരെയുള്ള ഇലക്ട്രോണിക് സേവനങ്ങള്‍ക്കുള്ള ഫീസ്, കരാര്‍ മൂല്യത്തിന്റെ 10 ശതമാനം എന്നിവ കുറച്ചുള്ള തുക തിരികെ നല്‍കും. അതേസമയം, ദുല്‍ഹജ്ജ് ഒന്ന് മുതലുള്ള കാലയളവിലാണെങ്കില്‍ അടച്ച പണം തിരികെ ലഭിക്കില്ല.

Exit mobile version