കുടുംബസമേതമെത്തി സമൃദ്ധമായി ഭക്ഷണം കഴിച്ചു: 3800 രൂപയുടെ ബില്ല് കൊടുക്കാതെ മുങ്ങി; പുതുവര്‍ഷത്തില്‍ നേരിട്ട ദുരനുഭവം പങ്കിട്ട് കൊച്ചിയിലെ ഹോട്ടലുടമ

കൊച്ചി: കുടുംബസമേതം ഹോട്ടലിലെത്തി 3800 രൂപയ്ക്ക് ഭക്ഷണം കഴിച്ച് പണം നല്‍കാതെ മുങ്ങി. കൊച്ചിയിലെ പെപ്പര്‍ ബോട്ട് ഹോട്ടല്‍ ഉടമയ സന്തോഷ് ടി കുരുവിളയാണ് ന്യൂ ഇയര്‍ ആഘോഷത്തിനിടെയുണ്ടായ സംഭവം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

വളരെ തിരക്കുള്ള സമയത്ത് റസ്റ്റോറന്റിലെത്തിയ ഒരു കുടുംബം 3800 രൂപ ബില്‍ത്തുക വന്ന ഭക്ഷണം കഴിച്ച ശേഷം പണം നല്‍കാതെ കടന്നെന്നാണ് കുറിപ്പില്‍ പറയുന്നത്. പണം കിട്ടാത്തതിലല്ല വിഷമമെന്നും ജീവിക്കാനായി കഠിനാധ്വാനം ചെയ്യുന്ന ജീവനക്കാരെ പറ്റിച്ചതാണ് സങ്കടകരമെന്നും സന്തോഷ് പറയുന്നു.

‘പ്രൈമറി ക്ലാസ്സുകളില്‍ പഠിയ്ക്കുമ്പോള്‍ നമ്മുടെ ഹൃദയത്തിലേയ്ക്ക് നൊമ്പരമായ് ആഴ്ന്നിറങ്ങിയ ഒരു കഥാപാത്രമാണ് ജീന്‍ വാല്‍ ജീന്‍ ! സ്വന്തം സഹോദരിയുടെ മക്കളുടെ വിശപ്പടക്കാന്‍ ഒരു റൊട്ടിക്കഷ്ണം മോഷ്ടിയ്ക്കാന്‍ ശ്രമിയ്ക്കവേ പിടിയിലാവുകയും പിന്നീട് നിരവധി വര്‍ഷങ്ങള്‍ ജയിലില്‍ ആവുകയും ചെയ്ത കഥാപാത്രം !

വിശപ്പിന്റെ വില അറിഞ്ഞ തലമുറകള്‍ നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു! ഇന്നും അത്തരം മനുഷ്യര്‍ നമുക്കു ചുറ്റും അപൂര്‍വമായെങ്കിലും ഉണ്ടാവാം. പരിഷ്‌കൃത ലോകം ഇവരോട് അനുഭാവ പൂര്‍ണ്ണമായി തന്നെയാണ് പെരുമാറുക. പക്ഷെ ഒരു സംരംഭത്തേയും രാപകല്‍ ഭേദമെന്യേ അധ്വാനിയ്ക്കുന്ന തൊഴിലാളികളേയും കബളിപ്പിയ്ക്കുക എന്നത് പൊറുക്കാവുന്ന തെറ്റല്ല.

ഡിസംബര്‍ 31 രാത്രി പാലാരിവട്ടം പെപ്പര്‍ ബോട്ട് റെസ്റ്റോറന്റിലേയ്ക്ക് ഒരു വലിയ കുടുംബം ഭക്ഷണം കഴിയ്ക്കുവാനായ് എത്തുന്നു. വിഭവ സമ്യദ്ധമായ് അവര്‍ ഭക്ഷണം കഴിയ്ക്കുന്നു, 3800 രൂപ ബില്‍ ! പിന്നീട് അതി വിദഗ്ധമായ് അവര്‍ ആസൂത്രണം ചെയ്ത പ്രകാരം പുറത്തെവിടെയോ പാര്‍ക്ക് ചെയ്ത വണ്ടിയില്‍ കയറി കടന്ന് കളയുന്നു. കനത്ത തിരക്കുള്ള ആ സമയത്തിന്റെ ആനുകൂല്യം ഇത്തരം ഒരു തട്ടിപ്പിനായ് പ്രയോജനപ്പെടുത്തുമെന്ന് പെപ്പര്‍ ബോട്ടിലെ നിഷ്‌കളങ്കരായ ജീവനക്കാര്‍ പ്രതീക്ഷിച്ചില്ല എന്നതാണ് സത്യം.

Read Also: ആയിരക്കണക്കിന് പാട്ടെഴുതി: ഒരിക്കലും ലഹരി ഉപയോഗിച്ചിട്ടില്ല; കൈതപ്രം

ഈ കബളിപ്പിയ്ക്കല്‍ ആവര്‍ത്തിയ്ക്കപ്പെടാതിരിയ്ക്കാനും ഇതു പോലുള്ള സംരംഭകര്‍ ജാഗരൂകരായ് ഇരിയ്ക്കുന്നതിനും വേണ്ടിയാണ് ഈ പോസ്റ്റിടുന്നത്. വിശപ്പടക്കാനുള്ള ആഹാരം മാന്യമായ് ചോദിച്ച് വാങ്ങാനുള്ള എല്ലാ സാഹചര്യവും ഇന്ന് നമ്മുടെ സമൂഹത്തിലുണ്ട്. കാര്യം നേരില്‍ പറയുന്നവനെ അപമാനിയ്ക്കുവാനോ പരിഹസിയ്ക്കുവാനോ ഉള്ള അവിവേകം പുലര്‍ത്തുന്നവരല്ല ഈ സ്ഥാപനത്തിന്റെ ഉടമകള്‍, അതുപോലെ അധ്വാനത്തിന്റെ വിലയെ ചെറുതാക്കാനും അനുവദിയ്ക്കില്ല.

എന്നാ താന്‍ കേസ് കൊട്, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ തുടങ്ങിയ സിനിമകളുടെ നിര്‍മാതാവും എസ്ടികെ സിനിമാ നിര്‍മാണ കമ്പനി ഉടമയുമാണ് സന്തോഷ്.

Exit mobile version