ബുക്കും പേനയും മിഠായികളുമല്ല; തൃശ്ശൂരിലെ സ്‌കൂൾ കുട്ടികളുടെ ബാഗിൽ നിന്ന് കണ്ടെത്തിയത് ഇ-സിഗരറ്റ്, വൻ ശേഖരം പിടികൂടി

തൃശ്ശൂർ: തൃശ്ശൂർ സിറ്റി പോലീസിന്റെ ലഹരിവിരുദ്ധ സ്‌ക്വാഡും ടൗൺ വെസ്റ്റ്, ഈസ്റ്റ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ ഇ-സിഗരറ്റുകളുടെ വൻശേഖരം പിടികൂടി. സ്‌കൂൾ കുട്ടികളുടെ ബാഗിൽ നിന്ന് ഇ-സിഗരറ്റ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വ്യാപക പരിശോധന നടത്തിയത്.

പടിഞ്ഞാറെക്കോട്ടയിലെ വോഗ് ഡ്യൂട്ടി ഫ്രീ ഷോപ്പ്, വടക്കേസ്റ്റാൻഡിലെ ടൂൾസ് ടാറ്റു സെന്റർ എന്നിവിടങ്ങളിൽനിന്നാണ് ഇ-സിഗരറ്റുകൾ പിടിച്ചെടുത്തത്. രക്ഷിതാക്കൾ വിദ്യാർഥിയുടെ ബാഗ് പരിശോധിച്ചപ്പോളാണ് ബാഗിൽനിന്ന് ഇ-സിഗരറ്റ് കണ്ടെടുത്തത്. ആദ്യനോട്ടത്തിൽ മിഠായിയാണെന്ന് തോന്നിപ്പിക്കുമെങ്കിലും വിശദമായി പരിശോധിച്ചപ്പോഴാണ് ഇ-സിഗരറ്റ് ആണെന്ന് തിരിച്ചറിഞ്ഞത്.

നഗരത്തിലെ ഒരു ഡ്യൂട്ടി ഫ്രീ ഷോപ്പിൽ ഇതിന്റെ വില്പനയുണ്ടെന്നും കുട്ടി വെളിപ്പെടുത്തി. ഇതോടെ രക്ഷിതാക്കൾ ഈ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ രണ്ട് കടകളിൽനിന്നായി ഇ-സിഗരറ്റിന്റെ വൻശേഖരമാണ് കണ്ടെടുത്തത്. 2500 രൂപ വരെ ഈടാക്കിയായിരുന്നു വിൽപ്പന നടത്തി വന്നിരുന്നത്. ഇ-സിഗരറ്റ് ഒരുതവണ ഉപയോഗിച്ചാൽ കുട്ടികൾ ഇതിന് അടിമപ്പെടുമെന്ന് ആരോഗ്യപ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു.

Exit mobile version