റോഡിലേയ്ക്ക് താഴ്ന്നു കിടന്ന കേബിൾ ബൈക്ക് യാത്രികന്റെ കഴുത്തിൽ കുരുങ്ങി; ഗുരുതര പരിക്ക്, നിസാരമായി കാണരുത് ഈ അപകടമെന്ന് സാബു, മുന്നറിയിപ്പ്

കൊച്ചി: റോഡിലേയ്ക്ക് താഴ്ന്ന് കിടക്കുന്ന കേബിൾ ബൈക്ക് യാത്രികന്റെ കഴുത്തിൽ കുരുങ്ങി അപകടം. കൊച്ചി ലായം റോഡിലാണ് സംഭവം നടന്നത്. അപകടത്തിൽ ബൈക്ക് യാത്രികൻ സാബുവിന് കഴുത്തിന് ഗുരുതരമയി പരിക്കേറ്റു. ബൈക്കിന്റെ പുറകിലിരുന്ന ഭാര്യ സിന്ധുവിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. എറണാകുളം സൗത്ത് മഹാകവി ജി. റോഡിലാണ് കെ.ബി. സാബുവും ഭാര്യയും താമസിക്കുന്നത്.

ഇവിടേക്ക് ബൈക്കിൽ വരുമ്പോഴാണ് അപകടം നടന്നത്. ലായം റോഡിന്റെ നടുവിലായി താഴ്ന്നു കിടക്കുകയായിരുന്നു കേബിൾ. ബൈക്കിലെത്തിയ സാബുവിന്റെ കഴുത്തിൽ ഈ കേബിൾ ചുറ്റുകയും ബൈക്കിന്റെ നിയന്ത്രണം വിട്ട് വീഴുകയുമായിരുന്നു. ഇതോടെ പുറകിലുണ്ടായിരുന്ന ഭാര്യ റോഡിന്റെ നടുവിലേക്ക് തലയിടിച്ച് വീണ.

സാബുവിന്റെ കഴുത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാലിലും ചെറിയ മുറിവുകൾ പറ്റിയിട്ടുണ്ട്. ‘വെള്ളം കുടിക്കുന്നതിനൊക്കെ ഇപ്പോഴും പ്രയാസമുണ്ട്. കാലിനുമൊക്കെ മുറിവേറ്റിട്ടുമുണ്ട്. രണ്ടുപേർക്കും ഹെൽമറ്റ് ഉണ്ടായിരുന്നതിനാലും ബൈക്കിന് വേഗത കുറവായതിനാലാണ് വലിയ അപകടം ഒഴിവായത്.

ഇത് നിസാരമായി കാണേണ്ടതല്ലെന്നും മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ടായിരുന്നുവെന്ന് അപകടത്തെ കുറിച്ച് സാബു പറയുന്നു. ‘അപകടം സംഭവിച്ച് റോഡിലേക്ക് വീഴുമ്പോൾ തലയിടിക്കുന്നതിന്റെ ശബ്ദം കേട്ടിരുന്നു. ഹെൽമറ്റ് ഉണ്ടായിരുന്നതുകൊണ്ടാണ് രക്ഷപ്പെട്ടത്. ഇനി ഈ അവസ്ഥ ആർക്കും ഉണ്ടാകരുതെന്ന് സിന്ധുവും കൂട്ടിച്ചേർത്തു. സംഭവവുമായി ബന്ധപ്പെട്ട് കോർപറേഷൻ സെക്രട്ടറിക്കും പോലീസിനും പരാതി നൽകിയതായി സാബു അറിയിച്ചു.

Exit mobile version