ചക്രക്കസേരയിലിരുന്ന് പതിനെട്ടാംപടി കയറി കണ്ണന്‍ അയ്യനെ കാണും: ‘സമീറ ടീച്ചര്‍’ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍

കോട്ടയ്ക്കല്‍: അപകടം കാലുകള്‍ കവര്‍ന്നിട്ടും കണ്ണന്‍ ചക്രക്കസേരയില്‍ ശബരിമലയിലേക്കു യാത്ര പോവുകയാണ്. ലക്ഷ്യം ഒന്നുമാത്രം., സ്വപ്നത്തില്‍ പോലും കാണ്ടിട്ടില്ലാത്ത ‘സമീറ ടീച്ചര്‍’ക്കുവേണ്ടി മനസ്സുരുകി പ്രാര്‍ഥിക്കാന്‍.

തമിഴ്‌നാട് മുത്തുപേട്ട സ്വദേശിയായ കണ്ണന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പാണ് മലപ്പുറത്തെത്തിയത്. വിവിധയിടങ്ങളില്‍ കെട്ടിട നിര്‍മാണ ജോലി ചെയ്തു. ലോറിയില്‍ നിന്നു ലോഡ് ഇറക്കുന്നതിനിടെ അപകടം പറ്റി ഇടതുകാല്‍ നഷ്ടമായി. വലതു കാലിന്റെ സ്വാധീനവും കുറഞ്ഞു. ഇപ്പോള്‍ എടവണ്ണപ്പാറയില്‍ ലോട്ടറി ടിക്കറ്റ് വില്‍പനയാണ് ജോലി. ഭാര്യ വീടുകളില്‍ ജോലിക്കു പോകുന്നുണ്ട്.

ഭാര്യയ്ക്കും 4 മക്കള്‍ക്കുമൊപ്പം ഓമാനൂര്‍ തടപ്പറമ്പിലെ ഷെഡില്‍ കഴിയുന്നതിനിടെയാണ് കൊണ്ടോട്ടി ഗവ.കോളജ് അധ്യാപിക എം.പി.സമീറ ദേവദൂതയായി മുന്നില്‍ അവതരിച്ചത്. അവരും കോളജിലെ എന്‍എസ്എസ് വിദ്യാര്‍ഥികളും ചേര്‍ന്നു തടപ്പറമ്പില്‍ സൗകര്യങ്ങള്‍ ഏറെയുള്ള വീട് 8 ലക്ഷം രൂപ ചെലവഴിച്ചു നിര്‍മിച്ചുനല്‍കി. മാത്രമല്ല ചക്രക്കസേരയും വാങ്ങിക്കൊടുത്തു. 2016ല്‍ വീട് നിര്‍മാണം പൂര്‍ത്തിയായി.

Read Also: വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിന് സ്വന്തം കെട്ടിടം: സഹായവുമായി എത്തി അര്‍ജന്റീന ആരാധകര്‍, മാതൃക

അപ്പോഴേ കരുതിയതാണ് ദുരിത ജീവിതം മാറ്റിയെടുത്ത പ്രിയപ്പെട്ട അധ്യാപികയ്ക്കു വേണ്ടി പ്രാര്‍ഥിക്കണമെന്ന്. ഓരോ കാരണങ്ങളാല്‍ യാത്ര നീണ്ടുപോയി. കഴിഞ്ഞദിവസമാണ് കൊണ്ടോട്ടിയില്‍ നിന്നു ശബരിമലയിലേക്കു യാത്ര പുറപ്പെട്ടത്.

തേഞ്ഞിപ്പലം, കോട്ടയ്ക്കല്‍, എടപ്പാള്‍, തൃശൂര്‍ വഴി യാത്ര ചെയ്ത് ഈ മാസാവസാനത്തോടെ സന്നിധാനത്ത് എത്താനാണ് തീരുമാനം. വൈകിയാല്‍ മകര ജ്യോതി കാണുകയുമാകാം. ട്രോളി ഉപയോഗിക്കാതെ പതിനെട്ടാംപടി നേരിട്ടു കയറണമെന്നാണ് ആഗ്രഹം. ബസില്‍ നാട്ടിലേക്കു മടങ്ങും. യാത്രയ്ക്കിടെ പലരും പലവിധത്തില്‍ സഹായിക്കുന്നതായി കണ്ണന്‍ പറയുന്നു. കോട്ടയ്ക്കലിലെ ഒരുകൂട്ടം യുവാക്കള്‍ കിലോമീറ്ററുകളോളം ദൂരം ചക്രക്കസേര തള്ളിക്കൊടുത്തു. ചിലര്‍ പണം നല്‍കിയും തുണച്ചു. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചാണ് ഭക്ഷണവും താമസവുമെന്നും കണ്ണന്‍ പറയുന്നു.

Exit mobile version