‘വനിതാ മതിലിനായി സര്‍ക്കാര്‍ 500 കോടി രൂപയെങ്കിലും ചെലവാക്കിയിട്ടുണ്ട്’! ആരോപണവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: വനിതാ മതിലിനായി സര്‍ക്കാര്‍ 500 കോടി രൂപയെങ്കിലും ചെലവാക്കിയിട്ടുണ്ട് എന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപള്ളി രാമചന്ദ്രന്‍. വനിതാ മതിലിനായി 50 കോടി രൂപ ചെലവഴിക്കുമെന്ന് പറഞ്ഞെങ്കിലും 500 കോടി രൂപയെങ്കിലും ചെലവായി. വനിത മതില്‍ ഒരു ചലനവും ഉണ്ടാക്കിയിട്ടില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ബന്ത് സമാനമായ സാഹചര്യം സൃഷ്ടിച്ചാണ് മതില്‍ കെട്ടിയത്. സര്‍ക്കാര്‍ മെഷീനറി പൂര്‍ണമായും ദുരുപയോഗം ചെയ്തു. സെക്രട്ടേറിയറ്റിലും സര്‍ക്കാര്‍ ഓഫീസികളിലും അപ്രഖ്യാപിത അവധിയായിരുന്നു. ഒരു സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ ആജ്ഞയ്ക്ക് കീഴടങ്ങാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരായെന്ന് ആരോപിച്ച മുല്ലപ്പള്ളി, മതന്യൂനപക്ഷങ്ങളെ പൂര്‍ണമായി മാറ്റിനിര്‍ത്തിയ മതില്‍ വര്‍ഗീയ മതില്‍ ആണെന്ന് തെളിഞ്ഞുവെന്നും കൂട്ടിച്ചേര്‍ത്തു.

പ്രളയത്തില്‍പ്പെട്ടവര്‍ക്ക് ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയും 10000 രൂപയ്ക്ക് വേണ്ടി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയും ചെയ്യുമ്പോഴാണ് ഈ ധൂര്‍ത്ത് എന്നും മുല്ലപള്ളി പറഞ്ഞു.

അതേസമയം വനിതമതിലിനായി സര്‍ക്കാര്‍ പണം ചെലവഴിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. വനിതാ മതിലില്‍ സഹകരിച്ച സാമുദായിക സംഘടനകളാണ് മതിലിന് ആവശ്യമായ പണം നല്‍കിയതെന്ന് സംഘാടന സമിതി അംഗം പുന്നല ശ്രീകുമാര്‍ ഇന്ന് വ്യക്തമാക്കിയിരുന്നു.

Exit mobile version