വിരമിച്ച് പോയ പ്രധാനാധ്യാപിക യാത്രയയപ്പിന് നല്‍കിയ വാക്ക് പാലിക്കാനെത്തി; നാല് കുടുംബങ്ങള്‍ക്ക് സ്വന്തം ഭൂമി സമ്മാനിക്കാന്‍

വരാപ്പുഴ: ചേരാനെല്ലൂര്‍ ലിറ്റില്‍ ഫ്ളവര്‍ യുപി സ്‌കൂളില്‍ നിന്നും പ്രധാനാധ്യാപികയായി വിരമിച്ചശേഷം റൈറ്റി ടീച്ചര്‍ വീണ്ടും ആ പടി കടന്നെത്തിയിരിക്കുകയാണ്. തന്റെ യാത്രയയപ്പ് ദിനത്തില്‍ നല്‍കിയ വാക്ക് പാലിക്കാനായി. ഇത്തവണ ടീച്ചര്‍ സ്‌കൂളിലെത്തുമ്പോള്‍ നാല് ആധാരങ്ങളും കൈയ്യിലുണ്ടായിരുന്നു. നാല് നിര്‍ധന കുടുംബങ്ങള്‍ക്ക് സ്വന്തം ഭൂമിയെന്ന സ്വപ്‌നം സഫലമാക്കാനായി സമ്മാനിക്കാനുള്ളതായിരുന്നു ഈ ആധാരങ്ങള്‍.

റൈറ്റി ടീച്ചര്‍ രണ്ടര പതിറ്റാണ്ടിലേറെ അധ്യാപികയായി പ്രവര്‍ത്തിച്ച് ഇക്കഴിഞ്ഞ മേയ് 31-നാണ് വിരമിച്ചത്. അന്നു നല്‍കിയ യാത്രയയപ്പില്‍ സദസിനെ സാക്ഷിയാക്കി ടീച്ചര്‍ ഭൂമിയില്ലാത്ത നാല് കുടുംബങ്ങള്‍ക്ക് സ്വന്തമായി ഭൂമി സമ്മാനിക്കുമെന്ന് വാക്ക് നല്‍കിയിരുന്നു.

വീണ്ടും അതേ സ്‌കൂളിലേക്ക് പടി കടന്നെത്തുമ്പോള്‍ അതു പാലിക്കാനായ അഭിമാനം മാത്രമാണ് ടീച്ചര്‍ക്കുള്ളത്. ചേരാനെല്ലൂരിലും കോട്ടുവള്ളിയിലും ആലങ്ങാടുമായുള്ള നാല് കുടുംബങ്ങള്‍ക്കാണ് ടീച്ചര്‍ ഭൂമി ദാനം ചെയ്തിരിക്കുന്നത്.

വരാപ്പുഴ അതിരൂപത കോര്‍പ്പറേറ്റ് മാനേജ്‌മെന്റിനു കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ 26 വര്‍ഷമായി റെറ്റി അധ്യാപികയായിരുന്നു. നാലു വര്‍ഷം പ്രധാനാധ്യാപികയുമായിരുന്നു. താന്‍ അധ്യാപികയായ സ്‌കൂളുകളിലെ ഒട്ടേറെ ദുരിതമനുഭവിക്കുന്ന കുട്ടികള്‍ക്ക് കൈത്താങ്ങായിരുന്നു ടീച്ചര്‍.

also read- എനിക്ക് സ്‌കോളര്‍ഷിപ്പ് തരുമോ ഇല്ലയോ? അപേക്ഷയാണ്; പൈലറ്റാകാന്‍ ഇനിയും എത്ര കാത്തിരിക്കണം? വിഷമത്തോടെ ആദം ഹാരി

പാരമ്പര്യമായി ലഭിച്ച കുടുംബസ്വത്തും താന്‍ സ്വന്തമായി വാങ്ങിച്ചതുമായ ഭൂമിയില്‍ നിന്നാണ് ഇപ്പോള്‍ നാലു കുടുംബങ്ങള്‍ക്ക് റൈറ്റി ടീച്ചര്‍ മൂന്ന് സെന്റ് വീതം ഭൂമി നല്‍കുന്നത്. ആലങ്ങാട് പഞ്ചായത്തിലെ നീറിക്കോട് പഞ്ചായത്ത് റോഡിന് തൊട്ടടുത്തായിട്ടുള്ള സാമാന്യം നല്ല വിലമതിക്കുന്ന ഭൂമിതന്നെയാണ് റൈറ്റി ടീച്ചര്‍ നല്‍കുന്നത്.

ഇടപ്പള്ളി എംഎജെ ആശുപത്രിക്ക് സമീപം ചോലഞ്ചേരി വീട്ടില്‍, ഭര്‍ത്താവിനും മൂന്ന് മക്കള്‍ക്കുമൊപ്പമാണ് ടീച്ചര്‍ താമസിക്കുന്നത്. സ്‌കൂളില്‍ നടത്തിയ ചടങ്ങില്‍ ടിജെ വിനോദ് എംഎല്‍എ ആധാരം കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് കെജി രാജേഷ് അധ്യക്ഷത വഹിച്ചു.

Exit mobile version