ഇവിടൊന്നൂല്യ ടീച്ചറേ, കുട്ട്യോള്‍ക്ക്, ഒരു അഞ്ഞൂറ് രൂപ അയച്ചര്വോ; വിദ്യാര്‍ത്ഥിയുടെ അമ്മയുടെ ദുരവസ്ഥ വെളിപ്പെടുത്തി അധ്യാപികയുടെ കണ്ണുനനയിക്കും കുറിപ്പ്

പാലക്കാട്: തന്റെ വിദ്യാര്‍ത്ഥിയുടെ അമ്മ തന്നെ കഴിഞ്ഞദിവസം വിളിച്ച് നിസ്സഹായായി സഹായം അഭ്യര്‍ത്ഥിച്ച കുറിപ്പ് പങ്കുവെച്ച് കൂറ്റനാട്ടെ അധ്യാപിക. താന്‍ പഠിപ്പിക്കുന്ന ക്ലാസിലെ കുട്ടിയുടെ അമ്മ വിളിച്ച് അഞ്ഞൂറ് രൂപയുടെ സഹായം അഭ്യര്‍ത്ഥിച്ചതിനെ കുറിച്ച് ഫേസ്ബുക്കിലൂടെയാണ് ഗിരിജ ഹരികുമാര്‍ എന്ന അധ്യാപിക വെളിപ്പെടുത്തുന്നത്.

ഭര്‍ത്താവ് മരിച്ച കൂറ്റനാട് സ്വദേശിനിയായ സുഭദ്രയാണ് അധ്യാപികയെ വിളിച്ച് സഹായം തേടിയത്. ഇവരുടെ മൂത്തമകന്‍ സെറിബ്രല്‍ പാള്‍സി ബാധിച്ച് കിടപ്പിലാണ്. കുട്ടിയെ തനിച്ചാക്കി പണിക്കു പോകുന്നതും ബുദ്ധിമുട്ടാണ്. ഏറെ ദാരിദ്ര്യത്തിലാണ് സുഭദ്രയും രണ്ട് മക്കളും കഴിയുന്നതെന്നും ടീച്ചറുടെ കുറിപ്പില്‍ പറയുന്നുണ്ട്.

ഗിരിജ ഹരികുമാറിന്റെ കുറിപ്പ്;

ടീച്ചറേ…ഒരു അഞൂറ് രൂപ അയച്ചര്വോ…കരച്ചില് പുറത്ത് വരാതെ പിടിച്ചുവെച്ച ശബ്ദം….എന്റെ ക്ലാസിലെ അഭിഷേകിന്റെ അമ്മയാണ്… എന്താ…എന്തു പറ്റി… ഇവിടൊന്നൂല്യ ടീച്ചറേ ..കുട്ട്യോള്‍ക്ക്…. ഉടനെ ഫോണ്‍ കട്ട് ചെയ്ത് ആയിരം രൂപ അയച്ചുകൊടുക്കുമ്പൊ അവന്റെ അച്ഛന്‍ മരിച്ച അന്ന് പോയപ്പൊ കണ്ട അവന്റെ വീടും അവിടുത്തെ അവസ്ഥയും മനസിലേക്ക് കടന്നു വന്നു..ഇടക്കിടെ അവനെ മാറ്റി നിര്‍ത്തി വീട്ടിലെ കാര്യങ്ങളന്വേഷിക്കേം എന്തെങ്കിലും ബുദ്ധിമ്മുട്ടുണ്ടേല്‍ പറയണം എന്ന് പറയേം ചെയ്യാറുള്ളതോണ്ടായിരിക്കും വല്ലാതെ ഗതിമുട്ടിയപ്പോളുള്ള ഈ വിളി…
സെറിബ്രോ പാള്‍സി എന്ന രോഗം ബാധിച്ച് പതിനേഴ് വയസിലും കഴുത്തുറക്കാത്ത..,ദേഹം മുഴുവന്‍ സദാ വിറച്ചുകൊണ്ടിരിക്കുന്ന…ചിരിക്കാനും കരയാനും വാശിപിടിക്കാനും വിശക്കുന്നെന്ന് പറയാനുമെല്ലാം ഒരേ ശബ്ദം പുറപ്പെടുവിക്കുന്ന…ശരീരം വിറച്ച് വിറച്ച് താഴെ വീഴുമോ എന്ന് ഭയന്ന് കൈയ്യും കാലും ചെറിയ കയറ് കൊണ്ട് കെട്ടി കിടത്തിയിരിക്കുന്ന മകനെ മടിയില്‍ കിടത്തി പാല്‍ കുപ്പിയില്‍ ചായ കൊടുക്കുന്ന അമ്മയെയാണ് ഇന്നവിടെ കയറി ചെന്നപ്പൊ കാണാന്‍ കഴിഞത്..മൂത്രമൊഴിക്കാന്‍ ബെഡില്‍ തന്നെ പാത്രം വെക്കണം…പുറത്തുള്ള ടോയ്‌ലറ്റിലേക്ക് അമ്മ ഒക്കത്തിരുത്തി കൊണ്ടുപോകണം…പൊട്ടി പൊളിയാറായ വീടും …കാലി പാത്രങ്ങളും….
ആശ്രയമായിരുന്ന ഭര്‍ത്താവും ഇല്ലാതായപ്പൊ വല്ലാതെ ബുദ്ധിമ്മുട്ടുമ്പൊ മൂത്തവനെയും ഇളയവനെയും സ്‌കൂള്‍ മുടക്കി വയ്യാത്ത കുട്ടിക്ക് കാവലിരുത്തി തൊട്ടടുത്തെവിടെങ്കിലും പണിക്ക് പോകും …എന്നാലും അവന്റെ ആവശ്യങ്ങള്‍ക്ക് ഇടക്കിടക്ക് ഓടിവരാന്‍ പറ്റണം…പൂര്‍ത്തിയാകാത്തൊരു വീട് അച്ഛന്‍ പണിതിട്ടിട്ടുണ്ട്…അതൊന്ന് തേച്ച് ഒരു ബാത് റൂമും റെഡിയാക്കാന്‍ പറ്റിയിരുന്നേല്‍ പൊളിഞ് വീഴാറായിടത്തൂന്ന് അങ്ങോട്ട് മാറുകയെങ്കിലും ചെയ്യാരുന്നു….
കൂട്ടുകാരേ…നിങ്ങള്‍ക്കാര്‍ക്കെങ്കിലും എന്തെങ്കിലും തരത്തിലുള്ള സഹായങ്ങള്‍ ചെയ്തു കൊടുക്കാന്‍ കഴിയുമോ….വലുതായിട്ടൊന്നും പറ്റിയില്ലെങ്കിലും ഒരു അമ്പതോ നൂറോ രൂപയെങ്കിലും അയച്ചു കൊടുക്കാന്‍ പറ്റുമോ…?കഴിയുന്നവര്‍ ഉപേക്ഷ വിചാരിക്കരുത്…??അപേക്ഷയാണ്??
ആ കുട്ടിയുടെ അമ്മയുടെ ഗൂഗിള്‍പേ നമ്പര്‍ (+919745541593)
Name – സുഭദ്ര
അക്കൗണ്ട് ബുക്കിന്റെ ഫ്രണ്ട് പേജ് ഫോട്ടോയും ഇതോടൊപ്പം ഇടുന്നുണ്ട്..

Exit mobile version