സുവര്‍ണ ചകോരം ‘ഉതമ’യ്ക്ക്: ‘നന്‍പകല്‍ നേരത്ത് മയക്കം’ ജനപ്രിയ ചിത്രം, അറിയിപ്പിനും പുരസ്‌കാരം

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. സുവര്‍ണ ചകോരം പുരസ്‌കാരം ബൊളീവിയന്‍ ചിത്രം ‘ഉതമ’ സ്വന്തമാക്കി. 20 ലക്ഷം രൂപയാണ് പുരസ്‌കാരത്തുക.

മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ്പാക് അവാര്‍ഡ് മഹേഷ് നാരായണന്റെ ‘അറിയിപ്പ്’ ന് ലഭിച്ചു. മികച്ച പ്രേക്ഷക പുരസ്‌കാരം മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയുടെയും കൂട്ടുകെട്ടില്‍ പിറന്ന ‘നന്‍പകല്‍ നേരത്ത് മയക്കം’ സ്വന്തമാക്കി.

വരള്‍ച്ച അഭിമുഖീകരിക്കുന്ന വൃദ്ധ ദമ്പതികളെ സന്ദര്‍ശിക്കുന്ന ചെറുമകന്റെ ജീവിതമാണ് ഉതമ’യുടെ പ്രമേയം. മികച്ച സംവിധായകനുള്ള രജത ചകോരം ടര്‍ക്കിഷ് സംവിധായകന്‍ തൈഫൂണ്‍ പിര്‍സെ മോഗ്ഗ്ളൂവിനാണ്. കൊലപാതകത്തിന് ദൃക്സാക്ഷിയായ ചെറുപ്പക്കാരന്റെ ജീവിതം പ്രമേയമാക്കിയ കെര്‍ എന്ന ചിത്രമാണ് മോഗ്ഗ്ളൂവിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

ഹംഗേറിയന്‍ സംവിധായകന്‍ ബേല താറിനുള്ള ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം സമ്മാനിക്കും. പ്രമുഖ സാഹിത്യകാരന്‍ എം മുകുന്ദന്‍ മുഖ്യാതിഥിയാകും. മന്ത്രി കെ രാജനാണ് ചടങ്ങിലെ വിശിഷ്ടാതിഥി.

വൈകിട്ട് ആറിനാണ് സമാപന ചടങ്ങുകള്‍ ആരംഭിച്ചത്. മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയുടെ ആമുഖ പ്രസംഗത്തിന് വേദിയിലേക്ക് ചെയര്‍മാനായ രഞ്ജിത്തിനെ ക്ഷണിച്ചപ്പോള്‍ കാണികള്‍ കൂവലോടെയായിരുന്നു വരവേറ്റത്.

Exit mobile version