സഹായിക്കാനെത്തി സ്വന്തം പോക്കറ്റ് നിറയ്ക്കുന്നവര്‍; കിടപ്പുരോഗിയുടെ വീഡിയോ പ്രചരിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തവര്‍ക്കെതിരെ പോലീസ് കേസ്

വിസ്മയ ന്യൂസ് എന്ന് പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്ത് ലഭിച്ച പണമാണ് ഇവര്‍ കൈക്കലാക്കിയത്.

money

തിരുവനന്തപുരം: സഹായിക്കാനെന്ന വ്യാജേനെയെത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത നാലുപേര്‍ക്കെതിരെ കേസെടുത്ത് തിരുവനന്തപുരം പോത്തന്‍കോട് പോലീസ്. കിടപ്പുരോഗിയുടെ വീഡിയോ സാമൂഹിക മാധ്യമം വഴി പ്രചരിപ്പിച്ച് ഒരു ലക്ഷം മുപ്പതിനായിരം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

വിസ്മയ ന്യൂസ് എന്ന പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയാണ് നടപടി. 2018 ലാണ് ഇന്ദിരയുടെ മകന്‍ ഷിജു കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് നട്ടെല്ലിനും കഴുത്തിനും ഗുരുതരമായി പരിക്കേറ്റത്. മരുന്നും ഭക്ഷണവും പോലും കൊടുക്കാന്‍ പറ്റാതിരുന്ന ഈ ദരിദ്ര കുടുംബത്തെയാണ് ഒരു സംഘം കബളിപ്പിച്ചത്.

വിസ്മയ ന്യൂസ് എന്ന് പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്ത് ലഭിച്ച പണമാണ് ഇവര്‍ കൈക്കലാക്കിയത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസം 13 രാത്രി 11.30 ന് മംഗലപുരം സ്വദേശി അനീഷും രജിത്ത് കാര്യത്തില്‍ എന്നയാളും വന്ന് വീഡിയോ എടുത്തു. ഏഴായിരം രൂപ വീഡിയോ എടുക്കാനായി സംഘം പ്രതിഫലം വാങ്ങിയെന്ന് ഇന്ദിര പറയുന്നു.

also read: ബില്‍ അടയ്ക്കാത്തതിനാല്‍ കെഎസ്ആര്‍ടിസി ജീവനക്കാരനന്റെ ഫ്യൂസ് ഊരി; ശമ്പളം കിട്ടിയില്ലെന്ന് അറിഞ്ഞതോടെ കാശ് അടച്ച് ഫ്യൂസ് തിരികെ സ്ഥാപിച്ച് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നന്മ

വീഡിയോ വന്നതിന് ശേഷം ഷിജുവിന്റെ സഹോദരിയുടെ അക്കൗണ്ടിലേക്ക് പലരും സഹായമായി ഒന്നരലക്ഷം രൂപ അയച്ചു. എന്നാല്‍ ഈ തുകയില്‍ നിന്നും വിവിധ തവണകളായി രജിത്തും സംഘവും ഒരുലക്ഷത്തി മൂപ്പതിനായിരം രൂപ വാങ്ങിയെന്നാണ് പരാതി. അഞ്ചലിലെ അജിത്ത് എന്ന രോഗിക്ക് കൊടുക്കണം എന്ന് ആവശ്യപ്പെട്ടാണ് സംഘം ഷിജുവിന്റെ പക്കല്‍ നിന്നും പണം വാങ്ങിയത്.

വാങ്ങിയ പണം തിരിച്ചുചോദിച്ച് വിളിച്ചപ്പോള്‍ വിസ്മയ ന്യൂസ് പ്രതിനിധികള്‍ കൈമലര്‍ത്തി. ദുരവസ്ഥ കണ്ട് പലരും സഹായിച്ചെങ്കിലും ഷിജുവിന് ആകെ കിട്ടിയത് ഇരുപതിനായിരം രൂപയില്‍ താഴെ മാത്രമാണ്, വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലായതിനെ തുടര്‍ന്നാണ് ഷിജുവിന്റെ സഹോദരി ഷീബ പോലീസില്‍ പരാതിപ്പെട്ടത്.

പ്രാഥമിക അന്വേഷണത്തില്‍ തട്ടിപ്പ് ബോധ്യമായതിനെ തുടര്‍ന്നാണ് വിസ്മയ ന്യൂസ് എന്ന പേരില്‍ ചാരിറ്റി വീഡിയോ തയ്യാറാക്കുന്ന ജിത്ത് കാര്യത്തില്‍, അനീഷ് മംഗലപുരം, രജനീഷ് എന്നിവര്‍ക്കെതിരെ കേസെടുത്തത്. മനസ്സലിവ് തോന്നി ആളുകള്‍ രോഗികള്‍ക്ക് അയച്ചുകൊടുക്കുന്ന പണമാണ് ചാരിറ്റി വീഡിയോ സംഘം തട്ടിയെടുക്കുന്നത്.

ചാരിറ്റി വീഡിയോയുടെ പേരില്‍ ഈ സംഘം കൂടുതല്‍ രോഗികളെ പറ്റിച്ചോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം, കേസിനെ കുറിച്ച് ചോദിച്ചപ്പോള്‍ ആരുടെയും പണം തട്ടിയെടുത്തില്ല എന്നായിരുന്നു വിസ്മയ എന്ന സാമൂഹിക മാധ്യമം നടത്തിപ്പുകാരുടെ പ്രതികരണം.

Exit mobile version