നെയ്മറും റൊണോയും മടങ്ങി, പുള്ളാവൂര്‍ പുഴയില്‍ മെസ്സി മാത്രമായി

കോഴിക്കോട്: ഖത്തറില്‍ ലോകകപ്പ് ആരംഭിച്ചപ്പോള്‍ കേരളത്തിലെ ആവേശം ലോകമെമ്പാടും വാര്‍ത്തയായി. പ്രിയതാരങ്ങളുടെ കൂറ്റന്‍ കട്ടൗട്ടുകളും ഫാന്‍ ഫൈറ്റുമെല്ലാം ലോകകപ്പിനേക്കാള്‍ വലിയ പോരാട്ടമായിരുന്നു. അതില്‍ ഏറ്റവും വൈറലായത് കോഴിക്കോട് ജില്ലയിലെ പുള്ളാവൂര്‍ പുഴയില്‍ ഉയര്‍ന്ന കട്ടൗട്ടുകളായിരുന്നു. ആദ്യം മെസിയുടെ കട്ടൗട്ടായിരുന്നു പുഴയില്‍ ഉയര്‍ന്നത്. പിന്നാലെ വിട്ടുകൊടുക്കാതെ നെയ്മറും ക്രിസ്റ്റ്യാനോയുമെല്ലാം പുഴയില്‍ തലയെടുപ്പോടെ നിന്നു.

മത്സരങ്ങള്‍ സെമിയിലേക്ക് കടക്കുമ്പോള്‍ ആരാധകരുടെ പ്രതീക്ഷകള്‍ക്കും പ്രവചനങ്ങള്‍ക്കും വിരുദ്ധമായ ഞെട്ടിക്കുന്ന സംഭവങ്ങളാണ് ഖത്തര്‍ ലോകകപ്പ് സാക്ഷ്യം വഹിക്കുന്നത്.

ആദ്യ മത്സരത്തില്‍ സൗദിയോട് പരാജയപ്പെട്ട് അര്‍ജന്റീന നിരാശപ്പെടുത്തിയെങ്കിലും സെമി ചിത്രങ്ങള്‍ തെളിഞ്ഞു വരുമ്പോള്‍ ആദ്യം ഇടം നേടിയത് അര്‍ജന്റീനയാണ്.
ആദ്യ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ക്രൊയേഷ്യയോട് ജീവന്മരണ പോരാട്ടം നടത്തിയെങ്കിലും നെയ്മറും റിച്ചാര്‍ലിസന്റോയും ബ്രസീല്‍ ലോകകപ്പിനോട് കണ്ണീരോടെ വിടപറഞ്ഞു.

രണ്ടാമത് നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ നെതര്‍ലന്‍ഡിന് മുമ്പില്‍ അല്‍പം വിയര്‍ത്തെങ്കിലും അര്‍ജന്റീന സെമിയിലെത്തി.നെയ്മറിന്റെ കാര്യത്തില്‍ തീരുമാനമായതോടെ ആരാധകര്‍ ഉറ്റുനോക്കിയത് പോര്‍ച്ചുഗല്‍-മൊറോക്കോ പോരാട്ടമായിരുന്നു. പക്ഷേ റോണോയും മൊറോക്കന്‍ ശക്തിക്ക് മുന്നില്‍ അടിപതറി വീണു.

സെമി പോലും കാണാതെ തന്റെ അവസാന ലോകകപ്പില്‍ നിന്നും വിടപറഞ്ഞു പോകുന്ന ക്രിസ്റ്റ്യാനോ ആയിരിക്കും ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഓര്‍ത്തുവെക്കപ്പെടുന്നത്. ഇതോടെ നെയ്മറും റൊണാള്‍ഡോയും പോയതോടെ പുള്ളാവൂര്‍ പുഴയില്‍ ഏകനായിരിക്കുകയാണ് മെസി.

Exit mobile version