വിവാദമായ സ്വര്‍ണ്ണക്കടത്ത് കേസ്: മലപ്പുറത്തെ ജ്വല്ലറി ഉടമയുടെ ‘രഹസ്യ അറയില്‍’ നിന്ന് 2.51 കോടി രൂപയുടെ സ്വര്‍ണം കണ്ടെടുത്തു

മലപ്പുറം: സ്വപ്ന സുരേഷ് ഉള്‍പ്പെട്ട വിവാദമായ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന ഗുണഭോക്താവെന്ന് ആരോപിക്കപ്പെടുന്ന മലപ്പുറം സ്വദേശിയുടെ പക്കല്‍ നിന്ന് 2.51 കോടി രൂപയുടെ സ്വര്‍ണം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടികൂടി.

മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ ജ്വല്ലറി ആന്‍ഡ് ഫൈന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ പ്രൊമോട്ടറും കോഴിക്കോട് അറ്റ്‌ലസ് ഗോള്‍ഡ് സൂപ്പര്‍ മാര്‍ക്കറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഷെയര്‍ ഹോള്‍ഡര്‍മാരില്‍ ഒരാളുമായ അബൂബക്കര്‍ പഴേടത്തിന്റെ സ്വകാര്യ കേന്ദ്രത്തിലെ ‘രഹസ്യ അറയില്‍’ നിന്നാണ് കോടികളുടെ സ്വര്‍ണം പിടികൂടിയത്.

2020 ജൂലൈ 5 ന് തിരുവനന്തപുരം വിമാനത്താവളത്തിലെ യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ബാഗേജില്‍ നിന്ന് 15 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടിയത് സംബന്ധിച്ച് ഇഡിക്ക് പുറമെ എന്‍ഐഎയും കസ്റ്റംസ് വകുപ്പും പ്രത്യേകം അന്വേഷണം നടത്തി വരികയാണ്. ഇതിനിടെയാണ് ജ്വല്ലറി ഉടമയുടെ പക്കല്‍ നിന്ന് ഇത്രയധികം സ്വര്‍ണ്ണം പിടികൂടിയത്.

മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ എം ശിവശങ്കറിന്റെ നേതൃത്വത്തില്‍ സരിത് പിഎസ്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ നടത്തിയ സ്വര്‍ണക്കടത്തിലെ ഗുണഭോക്താക്കളില്‍ ഒരാള്‍ ആണ് മലപ്പുറം സ്വദേശിയായ അബൂബക്കര്‍ പഴേടത്ത് എന്ന് ഇഡി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ജൂലൈയില്‍ കസ്റ്റംസ് പിടിച്ചെടുത്ത സ്വര്‍ണത്തിലെ മൂന്ന് കിലോ സ്വര്‍ണം അബൂബക്കര്‍ പഴേടത്തിന്റേതാണെന്നും ഇഡി വ്യക്തമാക്കി.

കസ്റ്റംസ് പിടികൂടിയ മൂന്ന് കിലോ സ്വര്‍ണം തന്റേതാണെന്നും യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ബാഗേജ് വഴി നേരത്തെയും സമാനമായ രീതിയില്‍ 6 കിലോ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും പഴേടത്ത് സമ്മതിച്ചതായും ഏജന്‍സി അറിയിച്ചു. അബൂബക്കര്‍ ഇപ്പോഴും തന്റെ സ്ഥാപനങ്ങള്‍ വഴി സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി രഹസ്യാന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

പഴേടത്തിന്റെ സ്ഥാപനങ്ങളിലും താമസ സ്ഥലങ്ങളിലും നടത്തിയ പരിശോധനയില്‍ 2.51 കോടി രൂപ വിലമതിക്കുന്ന 5.058 കിലോഗ്രാം സ്വര്‍ണവും 3.79 ലക്ഷം രൂപയും കണ്ടെടുത്തു. സ്വര്‍ണ്ണക്കടത്ത് കേസില്‍ സന്ദീപ് നായര്‍, ഐഎഎസ് ഉദ്യോഗസ്ഥനായ ശിവശങ്കര്‍ എന്നിവരെ കൂടാതെ യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരായിരുന്ന സരിതിനെയും സ്വപ്ന സുരേഷിനെയും കേസില്‍ നേരത്തെ ഇഡി അറസ്റ്റ് ചെയ്യുകയും ഇവര്‍ക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ (പിഎംഎല്‍എ) ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരം കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

Exit mobile version