ജീവനാംശം നൽകുന്നില്ല, മക്കളെ എതിർകക്ഷികളാക്കി 73കാരി അമ്മയുടെ പരാതി; ഗവ. സ്‌കൂൾ അധ്യാപികയായ മകളുടെ ശമ്പളത്തിൽനിന്ന് ഈടാക്കാനുത്തരവ്

ഒറ്റപ്പാലം: ജീവനാംശം നൽകുന്നില്ലെന്ന് കാണിച്ച് മക്കളെ എതിർകക്ഷികളാക്കി 73കാരിയായ അമ്മ നൽകിയ പരാതിയിൽ ഗവ. സ്‌കൂൾ അധ്യാപികയായ മകൾക്കെതിരേ നടപടി. ജീവനാംശമായി നൽകേണ്ട 3,500 രൂപ ശമ്പളത്തിൽനിന്ന് പ്രതിമാസം ഈടാക്കാൻ ഒറ്റപ്പാലം സബ്കളക്ടർ ഡി. ധർമലശ്രീ അധ്യക്ഷയായ മെയിന്റനൻസ് ട്രിബ്യൂണൽ ഉത്തരവിട്ടു.

മകൾ ജോലിചെയ്യുന്ന പട്ടാമ്പിയിലെ സർക്കാർ വിദ്യാലയത്തിന്റെ പ്രധാനാധ്യാപികയ്ക്കാണ് പണമീടാക്കി നൽകേണ്ട ചുമതലയുള്ളതെന്നാണ് ഉത്തരവിൽ പറയുന്നത്. അമ്മയ്ക്ക് 4 മക്കളാണുള്ളത്. എല്ലാ മക്കളെയും എതിർകക്ഷികളാക്കിയാണ് പരാതി നൽകിയത്. ഇവർ നാലും ചേർന്ന് ജീവനാംശം നൽകാൻ 2016-ൽ ട്രിബ്യൂണൽ ഉത്തരവിട്ടിരുന്നു.

എന്നാൽ, ഇവരിൽ രണ്ടുപേർ തുക നൽകുന്നില്ലെന്ന് കാണിച്ച് അമ്മ വീണ്ടും പരാതി നൽകി. തുടർന്ന്, വിചാരണയ്ക്കുശേഷം സ്ഥിരവരുമാനമില്ലാത്ത ഒരുമകളെ ഒഴിവാക്കുകയും ചെയ്തു. സർക്കാർ സ്‌കൂൾ അധ്യാപികയായ മകൾ തുക നൽകണമെന്ന് ഉത്തരവിട്ടെങ്കിലും നടപ്പാകാത്തതിനെത്തുടർന്ന് 2021 ഓഗസ്റ്റിൽ അമ്മ വീണ്ടും ട്രിബ്യൂണലിനെ സമീപിച്ചു.

2016 മുതൽ നൽകാനുള്ള ജീവനാംശത്തുകയായ 1.26 ലക്ഷം രൂപ ഡിസംബർ 30-നകം നൽകാനും പ്രതിമാസം നൽകേണ്ട 3,500 രൂപ ജീവനാംശം ഡിസംബർമുതൽ ശമ്പളത്തിൽനിന്ന് ഈടാക്കാനും ട്രിബ്യൂണൽ ഈ നവംബർ 19-ന് ഉത്തരവിടുകയായിരുന്നു. നൽകാനുള്ള 1.26 ലക്ഷം രൂപ സമയപരിധിക്കകം നൽകാത്തപക്ഷം സ്വത്ത് കണ്ടുകെട്ടാൻ നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

Exit mobile version