ഹോസ്റ്റൽ എന്താ ജയിലോ? രാത്രി 9.30 കഴിഞ്ഞാൽ മാത്രമേ അവർ ആക്രമിക്കപ്പെടുകയൊള്ളൂ? വിദ്യാർത്ഥിനികളെ പൂട്ടിയിടുന്നത് ആണധികാര ചിന്തയെന്ന് ഹൈക്കോടതി

ladies hostel | Bignewslive

കൊച്ചി: വനിതാ ഹോസ്റ്റലുകളിലെ നിയന്ത്രണങ്ങളിൽ രൂക്ഷ വിമർശവുമായി കേരളാ ഹൈക്കോടതി. കോഴിക്കോട് മെഡിക്കൽ കോളജിലെ വിദ്യാർഥിനികൾക്കു രാത്രി 9.30നുശേഷം ഹോസ്റ്റലിൽനിന്നു പുറത്തിറക്കുന്നതിനു വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതു ചോദ്യം ചെയ്തു വിദ്യാർഥിനികൾ സമർപ്പിച്ച ഹർജിയിലാണ് കോടതി അതിരൂക്ഷ വിമർശനം നടത്തിയത്.

വിദ്യാർത്ഥിനികളെ നിയന്ത്രിക്കുന്നത് ആണധികാരത്തിന്റെ ഭാഗമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. സുരക്ഷയുടെ പേരിൽ അനാവശ്യ നിയന്ത്രണങ്ങൾ നടപ്പാക്കരുതെന്നും ലിംഗവിവേചനം പാടില്ലെന്നും യുജിസിയുടെ വിജ്ഞാപനങ്ങളുണ്ട്. ഈ വിജ്ഞാപനങ്ങൾ നിലനിൽക്കുമ്പോൾ തന്നെ, ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ നടപ്പാക്കാനുള്ള കാരണം വ്യക്തമാക്കാനും കോടതി സർക്കാരിനോടു നിർദേശിച്ചു.

കോടതിയുടെ നിരീക്ഷണം;

”സുരക്ഷയുടെ പേരിൽ വിദ്യാർഥിനികളെ നിയന്ത്രിക്കുന്നത് പരിഷ്‌കൃത സമൂഹത്തിനു ചേർന്നതല്ല. ഇത്തരം നിയന്ത്രണങ്ങൾ ആണധികാരത്തിന്റെ ഭാഗമാണ്. സുരക്ഷയുടെ പേരിൽ വിദ്യാർഥികൾ ക്യാംപസിനുള്ളിൽ പോലും ഇറങ്ങരുതെന്നു തികച്ചു പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്. വിദ്യാർഥിനികളുടെ ജീവന് മെഡിക്കൽ കോളജ് ക്യാംപസിൽ പോലും സംരക്ഷണം നൽകാൻ കഴിയാത്ത അവസ്ഥയാണോ സംസ്ഥാനത്തുള്ളത്’.

ഹോസ്റ്റൽ എന്താ ജയിൽ ആണോ, അവർ കുട്ടികളാണോ, ”അവർ മുതിർന്ന പൗരന്മാരും രാജ്യത്തിന്റെ പ്രധാനമന്ത്രിയെ വരെ തിരഞ്ഞെടുക്കാൻ പ്രാപ്തിയുള്ളവരുമാണ്. എന്തെങ്കിലും തരത്തിലുള്ള സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ വിദ്യാർഥിനികളെ പൂട്ടിയിടുകയാണോ വേണ്ടത്.

രാത്രി 9.30 കഴിഞ്ഞാൽ മാത്രമേ ഇവർ ആക്രമിക്കപ്പെടൂവെന്നു തോന്നുന്നുള്ളൂ? അക്രമികളെയാണ് പൂട്ടിയിടേണ്ടത്. വിദ്യാർഥിനികളെ പൂട്ടിയിടുന്നത് ആണധികാര ചിന്തയുടെ ഭാഗമാണ്. വിദ്യാർഥിനികളുടെ കഴിവിനെ കൂറച്ചുകാണരുത്. അവർ അവരെ സംരക്ഷിക്കാൻ പ്രാപ്തരാണ്”

Exit mobile version