ഈ ജീവിതം ലോകം അറിയേണ്ടത്; അഷറഫ് താമരശ്ശേരിയുടെ ജീവിതം സിനിമയാക്കാൻ ആഗ്രഹമെന്ന് പ്രജേഷ് സെൻ

Asharaf Thamarassery | bignewslive

ഷാർജ: ജീവകാരുണ്യ പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയുടെ ജീവിതം സിനിമയാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സംവിധായകനും എഴുത്തുകാരനുമായ പ്രജേഷ് സെൻ. അദ്ദേഹത്തിന്റെ ജീവിതം ലോകമറിയേണ്ടതാണെന്ന് പ്രജേഷ് പറയുന്നു. പുസ്തകത്തിൽ വായിച്ചതിനപ്പുറം സിനിമയാക്കേണ്ട ജീവിതമാണെന്ന് പ്രജേഷ് കൂട്ടിച്ചേർത്തു.

വീടിന്റെ ഓട് പൊളിച്ച് അകത്ത് കയറി ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം; മലപ്പുറത്ത് യുവതി മരിച്ചു

41-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ അഷ്റഫ് താമരശ്ശേരിയുടെ ദി ലാസ്റ്റ് ഫ്രണ്ട് എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ച ശേഷം നടൻ ജയസൂര്യയുമൊന്നിച്ചുള്ള മുഖാമുഖത്തിൽ സംസാരിക്കവെയാണ് പ്രജേഷ് സെൻ അഷ്റഫ് താമരശ്ശേരിയുടെ ജീവിതത്തെ കുറിച്ച് പരാമർശിച്ചത്.

പ്രജേഷ് സെന്നിന്റെ വാക്കുകൾ;

യഥാർഥ ജീവിതം സിനിമയാക്കുന്നത് വെല്ലുവിളിയാണ്. പി.വി സത്യൻ എന്ന ഫുട്ബോൾ മാന്ത്രികനെ നേരിൽ കണ്ടിട്ടില്ല. കേട്ടറിഞ്ഞും ചോദിച്ചറിഞ്ഞുമാണ് ക്യാപ്റ്റൻ എന്ന സിനിമയുടെ പ്ലോട്ട് തയ്യാറാക്കിയത്. വെള്ളം നമുക്കൊപ്പമുള്ള മുരളിയുടെ ജീവിതകഥയാണ്. മുരളി പറഞ്ഞകഥയിൽനിന്ന് അദ്ദേഹത്തെ അറിയുന്നവരിൽ നിന്നും പഴയ മുരളിയെ കണ്ടെത്തുകയായിരുന്നു.

മാധ്യമ പ്രവർത്തനം തന്റെ സിനിമാ ജീവിതത്തിൽ ഏറെ ഗുണം ചെയ്തതായി പ്രേക്ഷകരുടെ ചോദ്യത്തിന് മറുപടിയായി പ്രജേഷ്സെൻ പറഞ്ഞു. പത്ത് വർഷത്തെ മാധ്യമ പ്രവർത്തനത്തിൽ വലിയ സെലിബ്രിറ്റികൾ മുതൽ സാധാരണക്കാരായ വ്യക്തികളെ വരെ അടുത്തറിയാനും ഇടപഴകാനും കഴിഞ്ഞു. വിവിധതരം ജീവിതങ്ങളെയും മനുഷ്യരെയും തൊട്ടറിയാൻ കഴിഞ്ഞത് സിനിമാകഥാപാത്ര സൃഷ്ടിക്ക് സഹായകമായി.

സ്‌കൂൾ പഠനകാലത്ത് കേട്ട കഥയിലെ വില്ലനായിരുന്നു നമ്പിനാരാണൻ. പിന്നീട് പത്രപ്രവർത്തകനായി മാറിയപ്പോൾ അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിഞ്ഞിരുന്നു. കുറ്റവാളിയായി ചിത്രീകരിച്ച അദ്ദേഹത്തെ നിരപരാധിയായി ഉയർത്തിക്കാട്ടാൻ മാധ്യമപ്രവർത്തകർ മടിച്ചു. എത്ര വിശ്വസ്തനായ ആളാണെങ്കിലും എന്തെങ്കിലും വിവരങ്ങൾ നൽകിയാൽ അത് അതേപടി റിപ്പോർട്ട് ചെയ്യാതെ സാമാന്യബുദ്ധി ഉപയോഗിച്ച് അതിന്റെ നിജസ്ഥിതി അന്വേഷിക്കണമെന്നാണ് ഇക്കാര്യത്തിൽ മാധ്യമപ്രവർത്തകരോട് പറയാനുള്ളത്.

ഇല്ലാത്ത ഒരു സാങ്കേതികവിദ്യ മോഷണം പോയെന്ന് വരുത്തിതീർത്താണ് നമ്പി നാരായണനെ പ്രതിയാക്കിയത്. ഇത് മാധ്യമ പ്രവർത്തകരുടെ വലിയ പിഴവാണ്. റോക്കറ്റ് സാങ്കേതികവിദ്യ പാകിസ്താന് വിറ്റുവെന്നാണ് കേസ്. ഓപ്പൺ മാർക്കറ്റിൽ ഫ്രാൻസ് 100 കോടിക്ക് വിൽക്കാൻ വെച്ച സാങ്കേതിക വിദ്യയാണ് നമ്പി നാരായണൻ 400 കോടിക്ക് അയൽരാജ്യത്തിന് രഹസ്യമായി വിറ്റുവെന്ന കേസുണ്ടാക്കിയത്. ഇതിലെ യുക്തി എന്താണെന്ന്പോലും ചിന്തിക്കാൻ അന്നത്തെ മാധ്യമ പ്രവർത്തകർ തയ്യാറായില്ല. ഇത്തരം വാർത്തകൾ ഒന്ന് ആലോചനാ വിധേയമാക്കിയിരുന്നുവെങ്കിൽ അനവധി പേരുടെ ജീവിതം മാറ്റിയെടുക്കാൻ കഴിയുമായിരുന്നു.

Exit mobile version