സങ്കടത്തോടെ ആരാധകര്‍…! പുഴയുടെ സ്വാഭാവിക ഒഴുക്കിന് തടസം; മെസിയുടെയും നെയ്മറിന്റെയും കൂറ്റന്‍ കട്ടൗട്ടുകള്‍ നീക്കം ചെയ്യണമെന്ന് പഞ്ചായത്ത്

ഫാന്‍സ് അസോസിയേഷനുകള്‍ ഇത് നീക്കിയില്ലെങ്കില്‍ പഞ്ചായത്ത് തന്നെ ഇവ നീക്കം ചെയ്യുമെന്നാണ് മുന്നറിയിപ്പ്.

കോഴിക്കോട്: ഖത്തര്‍ ലോകകപ്പിന്റെ ആവേശത്തില്‍ കോഴിക്കോട് ചാത്തമംഗലം പുളളാവൂര്‍ പുഴയില്‍ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്റെയും കൂറ്റന്‍ കട്ടൗട്ടുകള്‍ നീക്കം ചെയ്യണമെന്നുള്ള പഞ്ചായത്തിന്റെ നിര്‍ദേശത്തില്‍ നിരശരായി ഫുട്‌ബോള്‍ ആരാധകര്‍.

പുഴയുടെ ഒഴുക്കിന് തടസമാകുന്ന നിലയിലാണ് കട്ടൗട്ടുകള്‍ സ്ഥാപിച്ചതെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. അഭിഭാഷകനായ ശ്രീജിത് പെരുനമന നല്‍കിയ പരാതിയിലാണ് ചാത്തമംഗലം പഞ്ചായത്ത് ഇത്തരമൊരു നടപടി സ്വീകരിച്ചത്.

also read; സമുദ്രാര്‍തിര്‍ത്തി ലംഘിച്ചു; 3 മലയാളികള്‍ ഉള്‍പ്പെടെ 16 ഇന്ത്യക്കാര്‍ ഗിനിയില്‍ അറസ്റ്റില്‍, പിടിയിലായവരില്‍ വിസ്മയയുടെ സഹോദരന്‍ വിജിത്തും

കട്ടൗട്ടുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്നാണ് ഗ്രാമ പഞ്ചായത്തിന്റെ നിര്‍ദ്ദേശം. ഫാന്‍സ് അസോസിയേഷനുകള്‍ ഇത് നീക്കിയില്ലെങ്കില്‍ പഞ്ചായത്ത് തന്നെ ഇവ നീക്കം ചെയ്യുമെന്നാണ് മുന്നറിയിപ്പ്. പഞ്ചായത്തിന്റെ തീരുമാനം വളരെ സങ്കടകരമെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്.

ലോകകപ്പിന്റെ ആവേശത്തില്‍ ഇഷ്ടതാരങ്ങളുടെ മാനം മുട്ടെയുളള കട്ടൗട്ടുകള്‍ മത്സരിച്ച് സ്ഥാപിച്ച അര്‍ജന്റീന – ബ്രസീല്‍ ആരാധകര്‍ക്ക് വന്‍ നിരാശയാണ് ഈ തീരുമാനം ഉണ്ടാക്കിയിരിക്കുന്നത്. നാടാകെ ലോകകപ്പ് ആവേശം നിറഞ്ഞു നില്‍ക്കുന്ന ഈ സമയത്ത് ഇങ്ങനെയൊരു തീരുമാനം പ്രതീക്ഷിച്ചിരുന്നില്ല.

തിങ്കളാഴ്ച എല്ലാവരുമായും ചര്‍ച്ച ചെയ്ത് വിഷയത്തില്‍ തീരുമാനം എടുക്കുമെന്ന് പ്രദേശത്തെ ബ്രസീല്‍ ആരാധകര്‍ പറഞ്ഞു. കഴിഞ്ഞ മാസം 30നായിരുന്നു ചാത്തമംഗലത്തെ മെസി ആരാധകര്‍ പുഴയുടെ നടുവില്‍ താരത്തിന്റെ 30 അടി ഉയരമുളള കട്ടൗട്ട് സ്ഥാപിച്ചത്.

കട്ടൗട്ട് സ്ഥാപിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി. അന്താരാഷ്ട്ര മാധ്യമങ്ങള്‍ പോലും വാര്‍ത്ത ഏറ്റെടുത്തു. പിന്നാലെയാണ് പഞ്ചായത്തിലെ ബ്രസീല്‍ ആരാധകര്‍ ഇതിനു സമീപം 35 അടി ഉയരമുളള നെയ്മറുടെ കട്ടൗട്ട് സ്ഥാപിച്ചത്.

ഇതില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് താമരശേരി പരപ്പന്‍പൊയിലില്‍ ദേശീയ പാതയോരത്ത് ക്രിസ്റ്റ്യാനോ റൊണാല്‍ഡോയുടെ ആരാധകര്‍ 45 അടി ഉയരത്തിലുളള കട്ടൗട്ടും ഉയര്‍ത്തിയിരുന്നു.

Exit mobile version