ശുചിത്വ പോരാട്ടത്തിന്റെ സന്ദേശം; മുരുകനെ നേരിട്ടെത്തി അഭിനന്ദിച്ച് മന്ത്രി എംബി രാജേഷും മേയര്‍ ആര്യ രാജേന്ദ്രനും

തിരുവനന്തപുരം: ഓവുചാല്‍ സ്വന്തം പരിശ്രമത്തിലൂടെ മണ്ണുനീക്കി വൃത്തിയാക്കിയ ശുചീകരണ തൊഴിലാളി കെ മുരുകനെ അഭിനന്ദിച്ച് മന്ത്രി എംബി രാജേഷ്. ശുചിത്വത്തിനായുള്ള പോരാട്ടത്തിന്റെ സന്ദേശമാണ് മുരുകന്റെ പ്രവൃത്തി കേരളത്തിന് നല്‍കുന്നതെന്ന് അഭിനന്ദനങ്ങള്‍ അറിയിച്ചശേഷം മന്ത്രി പറഞ്ഞു.

തിരുവനന്തപുരം കരിമഠം കോളനിയിലെ മുരുകന്റെ വസതിയിലെത്തിയ മന്ത്രി അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു. കേരളം ഇപ്പോള്‍ ലഹരിക്കെതിരേ നടത്തുന്ന പോരാട്ടം പോലെ മാലിന്യത്തിനെതിരായ പോരാട്ടത്തിനു തുടക്കമിടണമെന്ന് മന്ത്രി പറഞ്ഞു. മുരുകനെ പോലുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ ഈ മുന്നേറ്റത്തിനു വലിയ ശക്തി പകരുന്നതാണെന്നും മന്ത്രി പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിന് മുന്നിലൂടെ പോകുമ്പോഴാണ് അവിടെ വെള്ളക്കെട്ട് പരിഹരിക്കാന്‍ ശ്രമിക്കുന്ന നഗരസഭ ശുചീകരണ തൊഴിലാളിയായ മുരുകന്‍ ചേട്ടനെ കാണുന്നത്. അദ്ദേഹത്തിന്റെ പരിശ്രമം കണ്ടയുടന്‍ അവിടിറങ്ങി സംസാരിച്ചാണ് മടങ്ങിയത്. ഇന്ന് പത്രമാധ്യമങ്ങളിലും മുരുകന്‍ ചേട്ടന്റെ ആ ഇടപെടല്‍ വാര്‍ത്തയായി വന്നു.

വാര്‍ത്ത കണ്ട ബഹു.തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എം ബി രാജേഷ് മുരുകന്‍ ചേട്ടനെ കുറിച്ച് അന്വേഷിച്ചു. തുടര്‍ന്ന് വൈകുന്നേരം മന്ത്രിക്കൊപ്പം അദ്ദേഹത്തിന്റെ
വീട്ടിലെത്തി കണ്ടു. മുരുകന്‍ ചേട്ടനെ പോലുള്ളവര്‍ നഗരസഭയ്ക്ക് അഭിമാനമാണ്. നഗരസഭയുടെ വിജയകരമായ യാത്രക്ക് ഓരോ ശുചീകരണ തൊഴിലാളികളും അവരുടെ പ്രവര്‍ത്തനവും വലിയ പങ്കാണ് വഹിക്കുന്നത്. അദേഹത്തിന്റെ ഇടപെടല്‍ മറ്റുള്ള ജീവനക്കാര്‍ക്കും പ്രചോദനമാകണം.

Exit mobile version