നൂറിന്റെ നിറവില്‍ വിഎസ്: കേക്കിന്റെ മധുരം നുണഞ്ഞ് പിറന്നാള്‍ ആഘോഷം

നൂറിന്റെ നിറവിലാണ് കേരളത്തിന്റെ പ്രിയ സഖാവ് വിഎസ് അച്യുതാനന്ദന്‍. 99ാം പിറന്നാള്‍ ആഘോഷമാക്കി കുടുംബം. പിറന്നാള്‍ കേക്കിന്റെ മധുരം നുണഞ്ഞ് വിഎസും ആഘോഷത്തില്‍ പങ്കുചേര്‍ന്നു. കുടുംബത്തിനൊപ്പം വിഎസ് കേക്കിന്റെ മധുരം നുകരുന്ന ചിത്രം ഇപ്പോള്‍ സൈബര്‍ ഇടങ്ങളില്‍ നിറയുകയാണ്.

ബാര്‍ട്ടണ്‍ഹില്ലില്‍ മകന്‍ വി.എ.അരുണ്‍ കുമാറിന്റെ വസതിയില്‍ പൂര്‍ണവിശ്രമ ജീവിതത്തിനിടെ നൂറാം വയസ്സിലേക്കു കടക്കുന്ന വിഎസിനെത്തേടി ഇന്നലെത്തന്നെ പ്രമുഖ നേതാക്കളുടെ ഉള്‍പ്പെടെ ആശംസാ സന്ദേശങ്ങള്‍ എത്തിയിരുന്നു.

നേരിട്ടും അല്ലാതെയും പിറന്നാളാശംസകളറിയിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നെന്നും അരുണ്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. വിഎസിന് കുടുംബാംഗങ്ങള്‍ മധുരം നല്‍കുന്ന ഫോട്ടോയാണ് അരുണ്‍ പങ്കുവെച്ചത്.

ആലപ്പുഴ പുന്നപ്ര വെന്തലത്തറ കുടുംബത്തില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബര്‍ 20നാണ് വിഎസിന്റെ ജനനം.

രാജ്യത്തെ ഏറ്റവും തലമുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും സിപിഎമ്മിന്റെ സ്ഥാപകനേതാവുമായ വിഎസ് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമസഭാ സാമാജികന്‍, ഭരണപരിഷ്‌കാര കമീഷന്‍ അധ്യക്ഷന്‍, സിപിഎം പോളിറ്റ് ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി, ദേശാഭിമാനി പത്രാധിപര്‍ തുടങ്ങിയ പദവികള്‍ വഹിച്ചു.

Exit mobile version