ശബരിമല വിഷയത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത ഭക്തന്മാരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായവുമായി സേവ് ശബരിമല യുഎസ്എ

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത അയ്യപ്പ ഭക്തന്മാരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായഹസ്തവുമായി സേവ് ശബരിമല യുഎസ്എ. കൊയിലാണ്ടിയിലെ ഗുരുസ്വാമി രാമകൃഷ്ണന്‍, തിരുവനന്തപുരത്തെ വേണുഗോപാലന്‍ നായര്‍, കൂടാതെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പന്തളത്തെ ശിവദാസന്‍ സ്വാമി എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് സഹായം വാഗ്ദാനം ചെയ്തത്.

കേരളത്തിലെ വിശ്വാസ സംരക്ഷണ യജ്ഞങ്ങളെ ധാര്‍മ്മികമായി പിന്തുണക്കുവാന്‍ വേണ്ടി രൂപം കൊണ്ട കര്‍മ്മ സമിതിയാണ് സേവ് ശബരിമല യുഎസ്എ. അമൃതാനന്ദമയി ദേവിയുടെ രക്ഷാധികാര്യസ്ഥതയിലുള്ള ദേശിയ കര്‍മ്മസമിതിയുമായി സഹകരിച്ചായിരിക്കും സേവ് ശബരിമല യുഎസ്എയുടെ പ്രവര്‍ത്തനം.

കൂട്ടായ്മയുടെ ശില്‍പികളില്‍ പ്രധാനിയായ ഡോ.രാമദാസ് പിള്ള തിരുവനന്തപുരത്തു വേണുഗോപാലന്‍ നായരുടെ മാതാവിനുള്ള ധനസഹായം അവരുടെ ഭവനത്തിലെത്തി കൈമാറി. ഇദ്ദേഹം കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക മുന്‍ സിഡന്റ് കൂടിയായിരുന്നു. അധികം വൈകാതെ തന്നെ മറ്റു രണ്ടുപേരുടെയും അനാഥമാക്കപ്പെട്ട കുടുംബങ്ങള്‍ക്കും നേരിട്ട് സഹായം എത്തിക്കുമെന്ന് രാമദാസ് പിള്ള അറിയിച്ചു.

Exit mobile version