സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ട് ഫ്‌ലെക്‌സ് വൈറലായി; ശരത്തിനെ ഇനി ‘ക്ളാസ് റൂമില്‍’ കാണാം

കൊച്ചി: സിനിമയില്‍ ചാന്‍സിനായി ശ്രമിച്ച് നടക്കാതായപ്പോള്‍ ഫ്‌ലെക്‌സ് ബോര്‍ഡ് വച്ച് ശരത് പനച്ചിക്കാട് എന്ന യുവാവ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.’സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ട്. പ്രതീക്ഷയോടെ ശരത്ത് പനച്ചിക്കാട്’, എന്നെഴുതിയാണ് തൃപ്പൂണിത്തുറയില്‍ ഫ്‌ലെക്‌സ് ബോര്‍ഡ് വച്ചിരുന്നത്. തന്റെ അധ്വാനത്തില്‍ നിന്നും സ്വരൂക്കൂട്ടി വച്ച 25000 രൂപ കൊണ്ടാണ് ശരത് ഹോര്‍ഡിംഗ് തയ്യാറാക്കിയിരുന്നത്.

ഇപ്പോഴിതാ ശരത്തിന് സിനിമയിലേക്ക് അവസരം ലഭിച്ചിരിക്കുകയാണ്. സംവിധായകന്‍ ഷംസുദീനാണ് തന്റെ പുതിയ ചിത്രമായ ‘ക്ളാസ് റൂമില്‍’ അവസരം നല്‍കുമെന്ന് അറിയിച്ചിരിക്കുന്നത്.

സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ട് എന്ന് ഫ്‌ലെക്‌സ് വച്ച ശരത്തിന് ഈ സിനിമയില്‍ അവസരം നല്‍കുമെന്ന് സംവിധായകന്‍ ഷംസുദീന്‍ പറഞ്ഞു.

10 വര്‍ഷമായി സിനിമാമോഹവുമായി പലരേയും സമീപിച്ചു. അവസാനവഴിയായാണ് ഇങ്ങനെയൊരു ഹോഡിങ് വെച്ചത്. പത്തില്‍ പഠിക്കുന്ന കാലം മുതല്‍ സിനിമയില്‍ ചെറിയ വേഷങ്ങളില്‍ തല കാണിച്ചിട്ടുണ്ട്. പലരോടും അവസരം ചോദിച്ചിട്ടുണ്ട്. നല്ലൊരു വേഷം ഇതുവരെയും കിട്ടിയില്ല. ഒട്ടേറെ ഓഡിഷനുകളില്‍ പങ്കെടുത്തു. സിനിമയോട് അത്രയേറെ താല്‍പര്യമുള്ളത് കൊണ്ടാണ് സിനിമാ പ്രവര്‍ത്തകര്‍ ഏറെയുള്ള എറണാകുളം ജില്ലയില്‍ ഹോഡിങ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്.

ആരെങ്കിലും കണ്ടിട്ട് വിളിച്ചാലോ? ഞാന്‍ ഇത്തരമൊരു ഹോഡിങ്ങ് വെച്ചത് നാട്ടില്‍ അറിഞ്ഞാല്‍ ട്രോളുകളും കളിയാക്കലുകളും ഒരുപാടുണ്ടാകും. പക്ഷെ അതൊന്നും കാര്യമാക്കുന്നില്ല. 10 വര്‍ഷം ചെറിയൊരു കാലയളവ് അല്ലല്ലോ. ഇത്രയും കാലവും സിനിമയോടുള്ള മോഹം മനസിലുണ്ടെങ്കില്‍ മനസിലാക്കാമല്ലോ ഞാന്‍ എത്രമാത്രം ഗൗരവത്തോടെയാണ് സിനിമയെ കാണുന്നതെന്ന്.

പിന്നെ 40 വര്‍ഷം മുന്‍പ് മമ്മൂക്ക പോലും പത്രത്തില്‍ പരസ്യം കൊടുത്തിട്ടില്ലേ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നറിയിച്ച്? ഞാന്‍ പരസ്യത്തിന് പകരം ഫ്‌ലെക്‌സ് വെച്ചു അത്രയേ വ്യത്യാസമുള്ളൂ. അന്ന് ശരത്ത് പറഞ്ഞിരുന്നു.

Exit mobile version